
വളർത്തുനായയ്‌ക്കോ പൂച്ചയ്‌ക്കോ ഒപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ആരോഗ്യ ബാങ്കിലേക്കുള്ള നിക്ഷേപമാണെന്നറിയാമോ? വളർത്തു മൃഗങ്ങൾക്കൊപ്പം ദിവസവും ഉല്ലാസം കണ്ടെത്തുന്നവർക്ക് ഹൃദ്രോഗസാദ്ധ്യത കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ദിവസവും വളർത്തുമൃഗങ്ങളോടൊത്ത് കളികളിൽ ഏർപ്പെടുന്നതും നടക്കാൻ പോകുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം പലതരം ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കും .
അരുമമൃഗങ്ങളുമായുള്ള സഹവാസവും തമാശനിറഞ്ഞ നിമിഷങ്ങളും ഉത്കണ്ഠ, വിഷാദം , ദേഷ്യം, ഏകാന്തത എന്നിവ അകറ്റുന്നതിലൂടെയാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്. വളർത്തു മൃഗങ്ങളുമായുള്ള ഉല്ലാസ നിമിഷങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്. രക്തസമ്മർദ്ദവും ഉത്കണ്‌ഠയുമുള്ളവർ ഇനി മുതൽ ഓമനമൃഗങ്ങളെ വളർത്തിക്കോളൂ. ( രക്തസമ്മർദ്ദം ഉള്ളവർ ഡോക്‌ടറെ കാണേണ്ട എന്നല്ല ഇതിനർത്ഥം. രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം) . ഓമനമൃഗങ്ങൾക്കൊപ്പം ഓടിക്കളിക്കുന്നത് കൊളസ്‌ട്രോൾ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ച മാർഗമാണ്.