realme-r100

ഇന്ത്യയിൽ ബിസിനസ് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് കമ്പനിയായ റിയൽമി. തങ്ങളുടെ സ്മാർട്ട് വാച്ചുകളുടെയും ഇയർ ബഡുകളുടെയും ഇന്ത്യയിലുള്ള പ്രാദേശിക നി‌ർമാണം പ്രഖ്യാപിച്ചതിന് പിന്നാലെ റിയൽമിയുടെ തന്നെ സ്മാർട്ട് വാച്ചായ ആർ 100ന്റെ ഇന്ത്യയിലെ ലോഞ്ച് തീയതിയും കമ്പനി പ്രഖ്യാപിച്ചു. ഈ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ആർ100 സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെ വിപണിയിൽ ലഭ്യമാകുമെന്നാണ് കമ്പനിയുടെ അറിയിപ്പിലുള്ളത്. ഓൺലൈൻ വഴിയാകും തുടക്കത്തിൽ ആർ100 വിപണിയിലെത്തുക. റിയൽമി ടെക്‌ലൈഫ് ആർ100 എന്ന പേരിലാകും പുതിയ സ്മാർട്ട്‌വാച്ച് അറിയപ്പെടുക.

റിയൽമിയുടെ മറ്റ് ഉത്പന്നങ്ങൾ പോലെ ബാറ്ററി ബാക്കപ്പ് തന്നെയാണ് ആർ 100ന്റെയും ഏറ്റവും വലിയ പ്രത്യേകതയായി നിർമാതാക്കൾ എടുത്തുകാണിക്കുന്നത്. ഒറ്റചാർജിൽ ഒരാഴ്ച വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 380 എംഎഎച്ച് ആണ് ബാറ്ററിയുടെ കപ്പാസിറ്റി. ഫ്ളിപ്പ്കാർട്ട് വഴിയാകും തുടക്കത്തിൽ ആർ 100ന്റെ വില്പന. 1.32 ഇഞ്ച് ടിഎഫ്ടി എൽസിഡി സ്ക്രീനിൽ 360x360 പിക്സൽ റെസല്യൂഷനാണ് റിയൽമിയുടെ വാഗ്ദാനം. ബ്ലൂടൂത്ത് കാളിംഗ് സൗകര്യവും വാച്ചിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ആർ100ന്റെ വിലയെകുറിച്ച് റിയൽമി ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കമ്പനിയുടെ തന്നെ മുൻ സ്മാർട്ട്‌വാച്ചുകളായ ടെക്‌ലൈഫ് എസ് ഇസഡ് 100ഉം ടെക്‌ലൈഫ് എസ് 100ഉം 2499 രൂപയ്ക്കാണ് വിപണിയിലെത്തിയത്. ഏകദേശം സമാനമായ വിലയായിരിക്കും ടെക്‌ലൈഫ് ആർ 100നും റിയൽമി ഇടുകയെന്നാണ് ടെക് രംഗത്തെ വിദഗ്ദ്ധരുടെ നിഗമനം.