kk

തിരുവനന്തപുരം : റഷ്യൻ - .യുക്രെയിൻ യുദ്ധം ആഗോളതലത്തിൽ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികൾ നേട്ടമാകാൻ പോകുന്നത് ഗൾഫ് രാജ്യങ്ങൾക്ക്. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വരുംവർഷങ്ങളിൽ ഇന്ത്യക്കാർക്ക് വൻ തൊഴിലവസരങ്ങളാണ് ഇവിടെ കാത്തിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.ഉപരോധത്തിന്റെ ഭാഗമായി എണ്ണക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും അബുദാബി, ഖത്തർ, സൗദി എന്നിവയുമായി എണ്ണ- പ്രകൃതി നാതക ഉത്‌പാദനം,​ വിതരണം,​ സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ കരാർ ഒപ്പിട്ടുണ്ടെനന്ന് ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള അറിയിച്ചിരുന്നു. ലോക കേരളസഭയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ സാദ്ധ്യത ഉണ്ടെന്നും രവി പിള്ള പറഞ്ഞു.

യൂറോപ്പിലെ മിക്ക രാജ്യങ്ങളും എണ്ണ പ്രകൃതി വാതകങ്ങളുടെ കടുത്ത ക്ഷാമം നേരിടുകയാണ്. പത്തുമുതൽ 15 വർഷത്തേക്ക് ഈ നിലയിൽ തൊഴിൽ സാദ്ധ്യത നിലനിൽക്കും. തങ്ങളുടെ നിർമ്മാണ കമ്പനമിക്ക് മാത്രം 40000 മുതൽ 50000 പേരെ ആവശ്യമുണ്ടെന്നും റിക്രൂട്ട്‌മെന്റ് ഉടൻ ആരംഭിക്കുമെന്നും രവി പിള്ള അറിയിച്ചു.

അബുദാബിയിൽ റിഫൈനറികളുടെയും ഖത്തറിൽ പ്രകൃതി വാതക പ്ലാന്റുകളുടെയും നിർമാണമാണ് നടക്കുക. സൗദിയിൽ റിഫൈനറികൾ കൂടാതെ പെട്രോ കെമിക്കൽ പ്ലാന്റുകളും നിർമിക്കുന്നുണ്ട്. വെൽഡർ, ഫിറ്റർ തുടങ്ങി എൻജിനീയർമാർ വരെയുള്ളവർക്കു നല്ല സാധ്യതകളാണുള്ളത്. പ്ലാന്റുകൾ നിർമിക്കാൻ ശരാശരി അഞ്ചു മുതൽ എട്ടുവർഷം വരെയാണ് സമയം വേണ്ടിവരിക.കേരളം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആർപി ഗ്രൂപ്പ് റിക്രൂട്‌മെന്റ് നടത്തുന്നതെന്നും പണം ഈടാക്കാതെയാണു തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിവിധ ട്രേഡുകളിൽ ഉള്ളവർക്ക് പരിശീലനം നൽകുന്നതിന് കേരളം മുന്നോട്ടു വരണമെന്നും ലോക കേരള സഭയിൽ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.