messi-paredes

പാരിസ്: അർജന്റീനിയൻ ക്യാപ്ടനും ബാഴ്സലോണ താരവുമായിരുന്ന ലയണൽ മെസിക്ക് പണ്ട് തന്നെ കൊല്ലണമെന്നുണ്ടായിരുന്നെന്ന് പിഎസ്ജി മിഡ്ഫീൽഡറും അർജന്റീനിയൻ താരവുമായ ലിയനാർദൊ പർദെസ്. പണ്ട് നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ബാഴ്സലോണ താരമായിരുന്ന മെസിയെ പിഎസ്ജി മിഡ്ഫീൽഡിൽ കളിച്ചിരുന്ന പ‌ദെസ് ടാക്കിൾ ചെയതിരുന്നു. അതിനെ തുടർന്ന് മെസിക്ക് പരിക്കേറ്റ് കളം വിടേണ്ടിയും വന്നിരുന്നു.

എന്നാൽ പിന്നീട് പർദെസ് ഈ സംഭവത്തെകുറിച്ച് മറ്റൊരു കളിക്കാരനോട് സംസാരിച്ചത് മെസി കേൾക്കാനിടയായെന്നും അന്ന് താൻ പറഞ്ഞ ചില വാക്കുകൾ മെസിയെ അരിശം കൊള്ളിച്ചതായും പർദെസ് വെളിപ്പെടുത്തി. അന്ന് മെസിക്ക് തന്നെ കൊല്ലണമെന്നുണ്ടായിരുന്നെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് പർദെസ് പറയുന്നു. മെസിയു‌ടെ മുഖം കണ്ടപ്പോൾ തനിക്ക് എങ്ങനെയെങ്കലും ഒന്ന് വീട്ടിൽ എത്തിയാൽ മതിയെന്നായെന്നും പ‌ർദെസ് പറയുന്നു.

എന്നാൽ അതിന് ശേഷം അർജന്റീനയുടെ ‌ഡ്രെസിംഗ് റൂമിൽ വച്ച് കണ്ടപ്പോൾ മെസി പഴയ ദേഷ്യമൊന്നും കാണിച്ചില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടുപോലുമില്ലെന്ന ഭാവത്തിലായിരുന്നു മെസിയുടെ പെരുമാറ്റമെന്നും പർദെസ് വ്യക്തമാക്കി. ഫുട്ബാളർ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും മെസിക്ക് നിരവധി നല്ല ഗുണങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ലോക ഫുട്ബാളിന്റെ നെറുകയിൽ ഇരിക്കുന്നതെന്നും പർദെസ് കൂട്ടിച്ചേർത്തു. നിലവിൽ പർദെസും മെസിയും പിഎസ്ജിയിൽ ടീമംഗങ്ങളാണ്.