husband-killed-wife

ന്യൂഡൽഹി: ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഡൽഹി സുൽത്താൻപുർ സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ വിനോദ് കുമാർ ദുബെയാണ് ഭാര്യ സൊനാലിയെ (39) കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിനോദും സൊനാലിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പാൻ വിനോദ് ആവശ്യപ്പെട്ടെങ്കിലും സൊനാലി വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി. സൊനാലി ഭർത്താവിന്റെ മുഖത്തടിച്ചു. ഇതിൽ കുപിതനായ വിനോദ് സൊനാലിയെ മർദ്ദിക്കുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യ മരിച്ചതറിയാതെ മദ്യ ലഹരിയിൽ വിനോദ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഭാര്യ മരിച്ച കാര്യം മനസ്സിലായതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പക്കലിൽ നിന്ന് 43,280 രൂപയും ബാഗും രണ്ട് മദ്യക്കുപ്പികളും രക്തം പുരണ്ട തലയണയും കണ്ടെടുത്തതായി ഡൽഹി സൗത്ത് അഡിഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പവൻ കുമാർ അറിയിച്ചു.