kailashvijayvargiya


ന്യൂഡൽഹി: ബി.ജെ.പി ഓഫീസിൽ സുരക്ഷാ ഗാർഡുകളായി 'അഗ്നിവീറു'കളെ നിയമിക്കുന്നതിനു മുൻഗണന നൽകുമെന്ന മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗിയയുടെ പരാമർശം വിവാദമായി.

അഗ്നിവീറുകൾ നാലു വർഷത്തെ സേവനത്തിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരെ ബി.ജെ.പി ഓഫിസുകളിൽ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നതിനു മുൻഗണന നൽകുമെന്ന് കൈലാഷ് വിജയ് വർഗിയ വ്യക്തമാക്കിയത്.

''അഗ്നിവീർ 21ാം വയസ്സിൽ സേനയിൽ ചേരുന്നു എന്ന് കരുതുക. സേനയിൽ നിന്ന് പുറത്തുവരുമ്പോൾ അയാൾക്ക് 25 വയസ് തികയും. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചിൽ അഭിമാനത്തിന്റെ 'അഗ്നിവീർ' മെഡലും. ഇവിടെയുള്ള ബി.ജെ.പി. ഓഫീസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടിവന്നാൽ, ഞാൻ മുൻഗണന നൽകുക അഗ്നിവീറിനായിരിക്കും'– അദ്ദേഹം പറഞ്ഞു. വിജയ് വർഗിയയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനങ്ങളും ഉയർന്നു.

'നമ്മുടെ സേന അഗ്നിവീരന്മാരെ സുരക്ഷാ ഗാർഡുകളാകാൻ പരിശീലിപ്പിക്കും' എന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു. അഗ്നിവീരന്മാരെ ബിജെപി കാണുന്നത് കൂലിക്ക് വാങ്ങുന്ന ചൗക്കിദാർമാരായി മാത്രമാണെന്നത് വ്യക്തമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!*!രിവാളും വിമർശനവുമായി രംഗത്തെത്തി.

'രാജ്യത്തെ യുവജനങ്ങളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുത്. ജീവിതകാലം മുഴുവൻ രാജ്യത്തെ സംരക്ഷിക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം സൈന്യത്തിൽ ചേരുന്നതിനായി എഴുത്തുപരീക്ഷകൾക്കായും കായികക്ഷമതാ പരീക്ഷകൾക്കായും കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മുടെ യുവജനങ്ങൾ. അല്ലാതെ ബി.ജെ.പി ഓഫീസുകൾക്ക് സംരക്ഷണം നൽകാനല്ല അവരുടെ ഈ അധ്വാനം' – കേജ്!*!രിവാൾ പറഞ്ഞു.

എന്നാൽ തന്റെ പരാമർശം വളച്ചൊടിച്ചെന്ന് വിജയ് വർഗിയ ആരോപിച്ചു. 'ടൂൾകിറ്റു'മായി ബന്ധപ്പെട്ട ആളുകൾ തന്റെ പ്രസ്താവന വളച്ചൊടിച്ച് അഗ്നിവീറുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.