
ബെംഗളുരു : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ അവസാന ട്വന്റി-20 മഴ മൂലം ഉപേക്ഷിച്ചതോടെ ഇരു രാജ്യങ്ങളും 2-2ന് പരമ്പരക്കിരീടം പങ്കുവച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. മൂന്നാമത്തെയും നാലാമത്തെയും മത്സരം ജയിച്ചാണ് ഇന്ത്യ പരമ്പര ഒപ്പത്തിനൊപ്പമാക്കിയത്.
ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴകാരണം 19 ഓവറായി വെട്ടിച്ചുരുക്കിയ മത്സരം തുടങ്ങി നാലാം ഓവറിലെത്തുമ്പോഴേക്കും വീണ്ടും പെയ്ത്തു തുടങ്ങി. ഇതോടെ അമ്പയർമാർക്ക് കളി നിറുത്തിവെയ്ക്കേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 3.3 ഓവറിൽ 28/2 എന്ന സ്കോറിലെത്തിയപ്പോഴാണ് കളി നിറുത്തിവെയ്ക്കേണ്ടിവന്നത്.പിന്നീട് തുടരാൻ മഴ അനുവദിച്ചില്ല.
🚨 Update 🚨
— BCCI (@BCCI) June 19, 2022
Play has heen officially called off.
The fifth & final @Paytm #INDvSA T20I has been abandoned due to rain. #TeamIndia pic.twitter.com/tQWmfaK3SV
പരിക്കേറ്റ സ്ഥിരം നായകൻ ടെംപ ബൗമയ്ക്ക് പകരം ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. തബാരേസ് ഷംസിക്ക് പകരം ട്രിസ്റ്റൻ സ്റ്റബ്സും റബാദയ്ക്ക് പകരം യാൻസനും കളിക്കാനിറങ്ങി. പരമ്പരയിലെ അഞ്ചാം മത്സരത്തിലും റിഷഭ് പന്തിന് ടോസ് നഷ്ടമായപ്പോൾ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു.ടോസിന് പിന്നാലെയാണ് മഴവീണത്. തുടർന്ന് ഒരോവർ വീതം വെട്ടിക്കുറച്ച് ഏഴേമുക്കാലോടെ കളി തുടങ്ങി.
ആദ്യ ഓവർ എറിഞ്ഞ കേശവ് മഹാരാജിനെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകളിൽ സിക്സിന് പായിച്ച് ഇഷാൻ കിഷൻ (15) ഗാലറിയിൽ ആവേശം നിറച്ചു. എന്നാൽ അധികദൂരം പോകാൻ ഇഷാന് കഴിഞ്ഞില്ല. രണ്ടാം ഓവറിന്റെ അവസാന പന്തിൽ ലുൻഗി എൻഗിഡി ഇഷാന്റെ കുറ്റിതെറുപ്പിച്ചു. തുടർന്ന് ശ്രേയസ് അയ്യർ കളത്തിലെത്തി. എന്നാൽ നാലാം ഓവറിൽ എൻഗിഡി ഓപ്പണർ റുതുരാജിനെയും(10) മടക്കി അയച്ചു. തുടർന്നിറങ്ങിയ നായകൻ റിഷഭ് പന്ത് അടുത്ത ബാളിൽ സിംഗിളെടുത്തപ്പോഴേക്കും മഴ വീണ്ടുമെത്തി.