
ദുബായ്: വാക്കുതർക്കത്തിനിടെ തൊഴിലുടമയുടെ വിരൽ ഒടിച്ച് വീട്ടുജോലിക്കാരിക്ക് ദുബായ് കോടതി ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വീട്ടുജോലിക്കാരി തൊഴിലുടമയായ സ്ത്രീയെ മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിച്ച് നിലത്തിടുകയും വിരൽ ഒടിക്കുകയും ചെയ്തതായി കേസ് പരിഗണിച്ച ദുബായ് പ്രാഥമിക കോടതി കണ്ടെത്തി.
വീട്ടുജോലിക്കാരിയും തൊഴിലുടമയും തമ്മിൽ നടന്ന വാക്കേറ്റത്തിനിടെയാണ് ഇവർ ആക്രമണം നടത്തിയത്. വീട്ടുജോലിക്കാരിയുടെ ആക്രമണത്തിൽ തൊഴിലുടമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി തന്നെ മുഷ്ടി ചുരുട്ടി മർദ്ദിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും തൊഴിലുടമ പരാതിയിൽ പറയുന്നു. തന്റെ മക്കളെത്തിയത് കണ്ടിട്ടാണ് ജോലിക്കാരി മർദ്ദനം അവസാനിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
തൊഴിലുടമയുടെ മക്കളാണ് ഇവരെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചതും പൊലീസിൽ പരാതിപ്പെടുന്നതും. ആക്രമണത്തിലാണ് തൊഴിലുടമയുടെ വിരൽ ഒടിഞ്ഞതെന്ന് ഇവരെ പരിശോധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സംഭവം ജോലിക്കാരി കോടതി മുമ്പാകെ നിഷേധിച്ചു. തൊഴിലുടമ തന്നെ ആക്രമിക്കാൻ വന്നപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി താൻ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജോലിക്കാരിയുടെ വാദം. ജോലിക്കാരിയുടെ ഈ വാദം മുഖവിലയ്ക്ക് എടുക്കാൻ ദുബായ് കോടതി തയ്യാറായില്ല.