
ന്യൂഡൽഹി: അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ ശേഖരിച്ച വിവരങ്ങൾ കേന്ദ്രത്തിന് കൈമാറാനാണ് നിർദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
പ്രതിഷേധം നടന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ 1313 പേരാണ് അറസ്റ്റിലായത്. ബീഹാറിലാണ് ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത്. 805 പേരെയാണ് സംസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്മകൾ സോഷ്യൽ മീഡിയയിലൂടെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം രൂക്ഷമാകാൻ സാദ്ധ്യതയുള്ള ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സുരക്ഷ കൂട്ടി.
യുപിയിൽ ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 491 ട്രെയിനുകൾ റദ്ദാക്കി. പ്രതിഷേധം ഒഴിവാക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.