petrol

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ. ആവശ്യം ഇവർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് വിൽക്കുന്നതെന്ന് എണ്ണക്കമ്പനികൾ പറയുന്നു.

ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് പെട്രോൾ വിൽപ്പന നടക്കുന്നതെന്നും സ്വകാര്യ എണ്ണക്കമ്പനികൾ വ്യക്തമാക്കി. ആയതിനാൽ വില വർദ്ധനവ് വേണമെന്ന് ഇവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജിയോ ബി പി, നയര എനർജി തുടങ്ങിയ സ്വകാര്യ കമ്പനികളാണ് കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കുന്നത്.

രാജ്യത്ത് ഇന്ധനവില മരവിപ്പിച്ച നിലയിലാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഭാരവാഹികൾ നേരത്തെ തന്നെ ഇന്ധനവില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചിരുന്നു. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഈ സംഘടനയിലെ അംഗങ്ങളാണ്.

അന്താരാഷ്ട്ര ക്രൂഡോയിൽ വില അടിസ്ഥാനമാക്കി പെട്രോൾ ഡീസൽ വില മാറ്റം വരുത്താത്തത് റീട്ടെയിൽ മേഖലയിലേക്കുള്ള നിക്ഷേപത്തെ തടയുന്നുവെന്ന് ഇവർ വ്യക്തമാക്കി. കേന്ദ്രം എക്സൈസ് തീരുവ കുറച്ച ശേഷം രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിട്ടില്ല. പക്ഷേ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നുമുണ്ട്. ഇതാണ് എണ്ണക്കമ്പനികളെ അസ്വസ്ഥരാക്കുന്നത്. ഇവരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ സാധാരണക്കാർക്കത് ഇരുട്ടടിയാകും.