paul-haggis

റോം: ഓസ്‌കാർ ജേതാവും കനേഡിയൻ സംവിധായകനുമായ പോൾ ഹാഗിസ് അറസ്റ്റിൽ. ലൈംഗികാതിക്രമം ആരോപിച്ചാണ് ഇറ്റലിയിൽ നിന്നും ഹാഗിസിനെ അറസ്റ്റ് ചെയ്‌തത്.

ഇറ്റലിക്ക് പുറത്തുള്ള വിദേശ വനിതയെ ഹാഗിസ് ലെെംഗികമായി ഉപദ്രവിച്ചെന്നും പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി. പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ പാപോള കാസെയ്ൽ വിമാനത്താവളത്തിൽ ഇയാൾ ഉപേക്ഷിച്ചുവെന്നും ആരോപണമുണ്ട്.

വിമാനത്താവളത്തിലെ ജീവനക്കാരും പൊലീസും ചേർന്നാണ് വിദേശ വനിതയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചു.

ഈ മാസം നടക്കുന്ന ചലച്ചിത്ര മേളയായ അല്ലോറ ഫെസ്റ്റിൽ പ്രത്യേക പരിപാടി അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു ഹാഗിസ്. ഇയാളെ അറസ്റ്റ് ചെയ്തത് ഞെട്ടലുണ്ടാക്കിയെന്ന് അല്ലോറ ഫെസ്റ്റ് അധികൃതർ പ്രതികരിച്ചു. സംവിധായകൻ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളിൽ നിന്നും അദ്ദേഹത്തെ നീക്കിയതായും ഇവർ വ്യക്തമാക്കി. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും അധികൃതർ അറിയിച്ചു.

'മില്യൺ ഡോളർ ബേബി' എന്ന ചിത്രത്തിന്റെ രചയിതാവാണ് പോൾ ഹാഗിസ്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ ഉൾപ്പടെ ഒട്ടനവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'ക്രാഷ്' എന്ന ചിത്രം സംവിധാനം ചെയ്‌തത് പോൾ ഹാഗിസ് ആണ്.

ഇതിന് മുൻപും ഹാഗിസ് ലെെംഗികാരോപണം നേരിട്ടിട്ടുണ്ട്. 2013ലാണ് ഹാഗിസ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി എത്തിയത്.