
ചെന്നൈ: വ്യഭിചാരശാലയിൽ റെയ്‌ഡ് നടത്തുമ്പോൾ ലൈംഗിക തൊഴിലാളികളെ അറസ്‌റ്റ് ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് വിധിയുമായി മദ്രാസ് ഹൈക്കോടതി. റെയ്‌ഡ് നടത്തുമ്പോൾ ലൈംഗിക തൊഴിലാളികളെ അറസ്‌റ്റ് ചെയ്യുകയോ, ആക്രമിക്കുകയോ ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ജസ്‌റ്റിസ് എൻ.സതീഷ്‌കുമാർ വിധി പ്രഖ്യാപിച്ചത്. വേശ്യാലയം നടത്തുന്നത് മാത്രമാണ് കുറ്റകരമെന്ന് സുപ്രീംകോടതി വിധിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചിന്ദാദ്രിപേട്ടിൽ വ്യഭിചാരശാലയെന്ന് ആരോപിക്കപ്പെടുന്ന മസാജ് പാർലറിൽ നിന്ന് റെയ്‌ഡിൽ പിടിക്കപ്പെട്ട ഉദയകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പിടികൂടിയതിന് പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം ഉദയകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ലൈംഗികതൊഴിലാളികളെ നിർബന്ധിച്ച് അവർക്ക് ഇഷ്‌ടമല്ലാതെ ബന്ധത്തിലേർപ്പെടുകയോ ബലം പ്രയോഗിക്കുകയോ ചെയ്‌തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വ്യഭിചാരശാല റെയ്‌ഡ് ചെയ്‌ത പൊലീസ് ഉദയകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഹർജി നൽകിയത്.
പരസ്‌പര സമ്മതത്തോടെയുളള ശാരീരികബന്ധം കുറ്റകരമല്ല. ലൈംഗികതൊഴിലാളികൾ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഈ തൊഴിൽ ചെയ്‌തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം റെയ്‌ഡ് നടന്ന സമയത്ത് ഉദയകുമാർ മസാജ് പാർലറിൽ ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. ആദ്യം ഇയാൾ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നില്ല, പിന്നീടാണ് അഞ്ചാം പ്രതിയായതെന്നും കോടതി പറഞ്ഞു. ഉദയകുമാറിനെതിരായ കേസ് തളളിയ കോടതി ഇയാളെ കുറ്റവിമുക്തനുമാക്കി.