
ന്യൂഡൽഹി: ഡൽഹി പൊലീസിനെതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച റഹീമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഇന്ന് പുലർച്ചെയാണ് വിട്ടയച്ചത്.
'പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം പ്രതിയല്ലെന്ന് പറഞ്ഞു. ഞങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല. ഇടത് സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കും. എം.പി എന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ ലംഘിച്ചു. ഡല്‍ഹി പൊലീസിനെതിരെ രാജ്യസഭാദ്ധ്യക്ഷന് പരാതി നല്‍കും' - എ.എ റഹീം എം.പി പറഞ്ഞു.
റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സി.പി.എം എം.പിമാര്‍ രാജ്യസഭാ അദ്ധ്യക്ഷന് പരാതി നല്‍കിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ജന്തർമന്ദിറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘടനകളുടെ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. റഹീം എം.പി അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.
റഹീമിനെയും വനിതാ പ്രവർത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. നടന്നത് ഗുണ്ടായിസമാണെന്നും എം.പിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മർദിച്ചതെന്നും റഹീം പൊലീസ് വാഹനത്തിൽ നിന്ന് പ്രതികരിച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.