election

ഭോപ്പാല്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്ന് ഭാര്യമാരെ മത്സരിപ്പിക്കാനൊരുങ്ങിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി. മദ്ധ്യപ്രദേശിലെ സിംഗ്റൗലി ജില്ലയിലാണ് സംഭവം. മൂന്നാമത്തെ ഭാര്യയെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി സുഖ്‌റാം സിംഗ് മറച്ചുവച്ചു എന്ന് ആരോപിച്ചാണ് നടപടിയെടുത്തത്.


സുഖ്‌റാം സിംഗിന്റെ പേര് ഭര്‍ത്താവിന്റെ പേരായി നാമനിര്‍ദേശ പത്രികയില്‍ മൂന്ന് ഭാര്യമാരും നല്‍കി. മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ ഗ്രാമ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരസ്പരമാണ് മത്സരിക്കുന്നത്. സുഖ്‌റാം സിംഗിന്റെ ഭാര്യമാരായ കുസുകലി സിംഗും ഗീതാ സിംഗുമാണ് പരസ്പരം മത്സരിക്കുന്നത്. മറ്റൊരു ഭാര്യ ഊര്‍മിള സിംഗ് ജന്‍പദ് പഞ്ചായത്തിലെ വാര്‍ഡിലേക്കാണ് മത്സരിക്കുന്നത്. തന്റെ രണ്ട് ഭാര്യമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവരം പഞ്ചായത്തിനെയും ഗ്രാമവികസന വകുപ്പിനെയും അറിയിച്ച സുഖ്‌റാം മൂന്നാമത്തെ ഭാര്യയുടെ കാര്യം മറച്ചുവച്ചു.

ഡിപ്പാർട്ട്‌മെന്റിലെ എല്ലാ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് പറഞ്ഞിരുന്നുവെന്ന് ദിയോസർ ജൻപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.കെ സിംഗ് വ്യക്തമാക്കി.

മൂന്നാമത്തെ ഭാര്യയെപ്പറ്റി അറിഞ്ഞ അധികൃതർ സുഖ്‌റാം സിംഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടിയൊന്നും നൽകിയിരുന്നില്ല. സുഖ്‌റാം സിംഗിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ബി.കെ സിംഗ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.