vehicle

ന്യൂഡൽഹി: ദിനംപ്രതി രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഗ്രാമ, നഗര ഭേദമന്യേ ഓരോ വീട്ടിലും ഒന്നിലധികം വാഹനങ്ങൾ സ്ഥിരം കാഴ്‌ചയായി മാറിക്കഴിഞ്ഞു. എന്നാൽ വീടിന് മോടി കൂട്ടാൻ ഉദ്ദേശിച്ച് മാത്രമല്ലല്ലോ ജനങ്ങൾ വാഹനം വാങ്ങുന്നത്. അതുകൊണ്ടുതന്നെ വണ്ടിയും കൊണ്ട് പുറത്തിറങ്ങുമ്പോഴാണ് യഥാർത്ഥ പ്രശ്നം? എവിടെ പാർക്ക് ചെയ്യും എന്നതാണ് പലരെയും കുഴപ്പിക്കുന്നത്. കാരണം, അത്രയധികം വാഹനങ്ങൾ നിരത്ത് കൈയേറിക്കഴിഞ്ഞു. കച്ചവട സ്ഥാപനങ്ങൾ പോലും ആദ്യം പരിഗണന നൽകുന്നത് പാർക്കിംഗിനാണ്. പാർക്കിംഗ് നിറഞ്ഞുകഴിഞ്ഞാൽ പിന്നെ കാൽനടപോലും തടസപ്പെടുത്തുന്ന തരത്തിൽ പൊതുനിരം കൈയേറും.

ഇതിനൊരു അറുതി വരുത്താനൊരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന തരത്തിൽ രാജ്യത്തെ ഗതാഗത നിയമം പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് വിവരം. 500 രൂപ മുതൽ 1000 രൂപരെയാണ് നിയമലംഘനം ചൂണ്ടിക്കാട്ടുന്നവർക്ക് ലഭിക്കാൻ പോകുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നാണ് വിവരം.

മാത്രമല്ല, വാഹനങ്ങളിലെ ഹോണിന് നിലവിലെ ശബ്ദ‌വിന്യാസം മാറ്റി ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം ഉപയോഗിക്കാനും സർക്കാരിന് ആലോചനയുണ്ട്. ആംബുലൻസിലേതടക്കമുള്ള സൈറണിന് പകരം സമാധാനപരമായ ട്യൂണുകൾ മാറ്റിസ്ഥാപിക്കാനും ആലോചനയുണ്ട്.