
പ്രായഭേദമന്യേ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. രാവിലെ ഉറക്കമുണർന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. ഒരു ദിവസം ചായ കുടിച്ചില്ലെങ്കിൽ തന്നെ ക്ഷീണവും അസ്വസ്തതയും തലവേദനയും വരുന്നവരുണ്ട്. എന്നാൽ ദിവസേന ചായയോ കാപ്പിയോ കുടിക്കുന്നവരുടെ ശരീരത്തിൽ അപകടകരമായ രോഗങ്ങൾ വരുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.
ദിവസവും മധുരം ചേർത്ത് ചായയോ കാപ്പിയോ കുടിക്കുന്നവരിൽ ലിവർ ക്യാൻസർ വരാനുള്ള സാദ്ധ്യത 78ശതമാനം കൂടുതലാണെന്നും പ്രമേഹമോ മറ്റ് രോഗങ്ങളോ ഉള്ളവരിൽ അതിന്റെ അപകടസാദ്ധ്യത വർദ്ധിക്കാൻ ഇടയാക്കുമെന്നുമാണ് പുതിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. സൗത്ത് കരോലിന സർവകലാശാലയിലെ വിദഗ്ദ്ധർ 90,000പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രോഗനിർണയം വൈകിക്കഴിഞ്ഞാൽ രോഗമുക്തി നേടാനുള്ള സാദ്ധ്യത വളരെയധികം കുറഞ്ഞ രോഗമാണ് ലിവർ ക്യാൻസർ.

പഠനത്തിൽ പങ്കെടുത്തവരിൽ ചായയോ കാപ്പിയോ പഞ്ചസാര ചേർത്ത് ദിവസേന കഴിക്കുന്നവരിൽ ലിവർ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. വിശപ്പില്ലായ്മ, ക്ഷീണം, തൊലിപ്പുറത്തുള്ള ചൊറിച്ചിൽ, വാരിയെല്ലുകൾക്ക് താഴെ വേദന എന്നിവയാണ് അവരിലുണ്ടായിരുന്ന ലക്ഷണങ്ങൾ. ഈ പഠനത്തിൽ നിന്ന്, ദിവസവും രണ്ടോ അതിലധികമോ മധുരമുള്ള ചായ കുടിക്കുന്നവരിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത 78ശതമാനം കൂടുതലാണെന്നും ദിവസവും ഒരു തവണ കുടിക്കുന്നവരിൽ 73ശതമാനമാണ് രോഗസാദ്ധ്യതയെന്നും കണ്ടെത്തി. എന്നാൽ മധുരമില്ലാതെ ചായ കുടിക്കുന്നതുകൊണ്ട് ദോഷമില്ല. ടൈപ്പ്-2 പ്രമേഹം, പൊണ്ണത്തടി എന്നീ രോഗങ്ങളും പഞ്ചസാര ശീലമാക്കുന്നവരിൽ വരാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറഞ്ഞു.