cpm

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ നിന്നും പുറത്തായ സിപിഎം മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്‌ണനെ അനുനയിപ്പിക്കാനുള‌ള പാർട്ടി ശ്രമം ഫലംകണ്ടില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള‌ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് പി.ജയരാജനുമായുള‌ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നത്തിൽ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നി‌ർദ്ദേശപ്രകാരമാണ് പി.ജയരാജൻ പയ്യന്നൂർ ഖാദി ഓഫീസിൽ കുഞ്ഞികൃഷ്‌ണനുമായി ചർച്ച നടത്തിയത്.

രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ തിരിമറി നടത്തിയെന്ന് തെളിവ് സഹിതം പരാതി നൽകിയ തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് വി.കുഞ്ഞികൃഷ്‌ണന്റെ നിലപാട്. പ്രശ്‌നത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയതായിരുന്നു പാർട്ടി നടപടി. എന്നാൽ എംഎൽഎയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് കുഞ്ഞികൃഷ്‌ണൻ ആവശ്യപ്പെട്ടു. അതേസമയം കുഞ്ഞികൃഷ്‌ണനുമായി മദ്ധ്യസ്ഥ ചർച്ച നടന്നിട്ടില്ലെന്ന് പി.ജയരാജൻ പ്രതികരിച്ചു.

കുഞ്ഞികൃഷ്‌ണനെതിരായി നടപടിയെടുത്തതിൽ ശക്തമായ അമർഷമാണ് പയ്യന്നൂരിൽ പാർട്ടി അണികൾക്കിടയിലുള‌ളത്. വെള‌ളൂർ, കരിവെള‌ളൂ‌ർ, ബേഡകം എന്നീ മേഖലകളിൽ പല പ്രവർത്തകരും കുഞ്ഞികൃഷ്‌ണന്റെ ചിത്രമടങ്ങിയ പോസ്‌റ്റർ 'പയ്യന്നൂരിലെ ധീരനായ സഖാവ്' എന്ന പേരിൽ ഷെയർ ചെയ്യുന്നുണ്ട്. 'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന പാർട്ടിനയം തിരുത്തുക' എന്ന പോസ്‌റ്ററും പ്രചരിക്കുന്നുണ്ട്. പലരുടെയും പ്രൊഫൈൽ ചിത്രം തന്നെ കുഞ്ഞികൃഷ്‌ണന്റേതാണ്. പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും നിരവധി അനുയായികൾ ലെഫ്‌റ്റ് ചെയ്യുന്നതും പാർട്ടി ലോക്കലുകളിൽ കടുത്ത പ്രതിഷേധമുണ്ടായതുമാണ് പാർട്ടി അനുനയ നീക്കത്തിന് ശ്രമിക്കാനിടയാക്കിയത്.