
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമാണ് കടുവ. ജൂൺ 30ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്‌കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദ്ദനൻ, പ്രിയങ്ക നായർ , മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിർവഹിക്കുന്നു. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ കഥ മോഷ്‌ടിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് സ്വദേശി കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കഥയുടെ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മഹേഷ് എം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്‍റെ നടപടി.
ഹർജിക്കാരൻ പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ.
നേരത്തെ കഥയിലെ സാമ്യം ആരോപിച്ച് സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് ചിത്രം 'കടുവ'യ്ക്ക് 'ഒറ്റക്കൊമ്പനുമായി സാമ്യമുണ്ടെന്ന് കാണിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലായിരുന്നു നടപടി.
പകർപ്പവകാശ ലംഘന നിയമപ്രകാരമാണ് ജിനു കോടതിയിൽ ഹർജി സമർപ്പിച്ചത്. സുരേഷ് ഗോപിയുടെ 250ാം സിനിമയാണിത്.കടുവാക്കുന്നേൽ കുറുവച്ചൻ എന്നയാളുടെ കഥയാണ് ഇരുചിത്രങ്ങളും പറയുന്നത്.