pilot

ബീഹാറിലെ പട്‌നയിൽ പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തീ പിടിച്ച സംഭവം വലിയ ചർച്ചയായിരുന്നു. 185 യാത്രക്കാരുമായി പോവുകയായിരുന്ന സ്പൈസ് ജെറ്റിന്റെ പട്‌ന-ഡൽഹി വിമാനത്തിന് തീപിടിച്ചത് വലിയൊരു ദുരന്തമായി മാറാതെ രക്ഷിച്ചതിൽ പെെലറ്റിന്റെ പങ്ക് വളരെ വലുതായിരുന്നു.

വിമാനം അടിയന്തരമായി ലാൻഡ് ചെയ്‌തതാണ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. 185 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് നന്ദി പറയേണ്ടത് ആ പെെലറ്റിനോടാണ്, ക്യാപ്റ്റൻ മോണിക്ക ഖന്ന എന്ന ഹീറോയോട്.

ക്യാപ്റ്റൻ മോണിക്ക ഖന്ന, ബൽപ്രീത് സിംഗ് ഭാട്ടിയ

സ്‌പൈസ്‌ജെറ്റ് ബോയിംഗ് 737 ജൂൺ 19 ഞായറാഴ്ച പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന സമയത്ത് ഒന്നാം നമ്പർ എഞ്ചിനിൽ നിന്ന് തീപ്പൊരി വരുന്നതിനെക്കുറിച്ച് ക്യാബിൻ ക്രൂ, പൈലറ്റ് ഇൻ-ചാർജ് ആയിരുന്ന ക്യാപ്റ്റൻ മോണിക്ക ഖന്നയെ അറിയിച്ചു.

പിന്നാലെ ക്യാപ്റ്റൻ ഖന്ന ആദ്യം തകരാറിലായ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്തു. ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിംഗ് ഭാട്ടിയയ്‌ക്കൊപ്പം വിദഗ്‌ദ്ധമായി ലാൻഡിംഗ് നടത്തി. വിമാനം തിരികെ ലാൻഡ് ചെയ്യുമ്പോൾ ഒരു എഞ്ചിൻ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ലാൻഡ് ചെയ്‌ത് വിമാനം എഞ്ചിനീയർമാർ പരിശോധിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്ന് ഫാൻ ബ്ലേഡും എഞ്ചിനും കേടായതായി ഇവർ സ്ഥിരീകരിച്ചു.

2018ലാണ് ക്യാപ്റ്റൻ മോണിക്ക ഖന്ന സ്‌പൈസ്‌ജെറ്റിൽ ചേരുന്നത്. എമിറേറ്റ്‌സ് ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ബൽപ്രീത് സിംഗ് ഭാട്ടിയ ജെറ്റ് എയർവേയ്‌സിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷം 2019ലാണ് സ്‌പൈസ്‌ജെറ്റിൽ എത്തുന്നത്. ഇരുവരെയും അഭിനന്ദിച്ച് ഉന്നതരടക്കം നിരവധിയാളുകൾ എത്തുന്നുണ്ട്.

ഡി.ജി.സി.എയും സ്‌പൈസ് ജെറ്റും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ കുറച്ച് ദിവസത്തേയ്ക്ക് ഖന്നയ്ക്കും ഭാട്ടിയക്കും വിമാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല.