swapna

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി എൻഫോഴ്‌സ്മെന്റിന് കൈമാറി. എന്നാൽ ഡോളർ കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജി ജൂൺ 22ന് പരിഗണിക്കാൻ മാറ്റി. കസ്‌റ്റംസിന്റെ വാദംകൂടി കേട്ടശേഷമാകും ഹർജി പരിഗണിക്കുക. ഇതിനായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ വിശദമായ മൊഴി ബുധനാഴ്‌ച ഇ.ഡി ശേഖരിക്കും. മുൻപ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു എന്നാൽ കസ്‌റ്റംസ് ഇതിൽ എതിർപ്പ് അറിയിച്ചതിനാൽ കോടതി ഈ അപേക്ഷ നിരസിച്ചു. എന്നാൽ കേസിൽ കസ്‌റ്റംസ് അന്വേഷണം കഴിഞ്ഞതിനാൽ കോടതി രഹസ്യമൊഴി പകർപ്പ് ഇ.ഡി യ്‌ക്ക് കൈമാറുകയായിരുുന്നു. 27 പേജുള‌ള രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഡയറക്‌ടറേറ്റ് കേസിൽ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്വപ്‌നയുടെ വിശദമായ മൊഴിയെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെ രഹസ്യമൊഴിയിൽ പരാമർശിക്കുന്നുണ്ട്. കസ്‌റ്റംസ് കമ്മീഷണറായിരുന്ന സുമിത് കുമാർ കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും ഇക്കാര്യമുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്താനെത്തുന്ന സ്വപ്‌ന കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് ഇഡി പ്രതീക്ഷിക്കുന്നുണ്ട്.