lovers

പ്രണയം എന്നത് മനോഹരമായ ഒരു വികാരമാണ്. അവിടെ സ്നേഹം മാത്രമല്ല, പരാതികൾ, പരിഭവങ്ങൾ,ദേഷ്യം, വാശി, പിണക്കം, സ്വാർത്ഥത, അസൂയ തുടങ്ങി പലതും പ്രണയിക്കുന്നവർക്കിടയിൽ ഉണ്ടാകാറുണ്ട്. പ്രണയിക്കുന്ന സമയം, ഇരുവരും ഇക്കാര്യങ്ങളെല്ലാം ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ പ്രണയത്തിൽ നിന്ന് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ ഇതല്ല അവസ്ഥ. പ്രണയിച്ചിരുന്നപ്പോൾ ആസ്വദിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നങ്ങളായി മാറും.

പ്രണയിച്ച നാളുകളിൽ നിന്ന് വ്യത്യസ്തമായി വിവാഹത്തോടെ പങ്കാളി പാടേ മാറുമ്പോൾ പലർക്കും അത് അംഗീകരിക്കാൻ പോലുമാകില്ല. ഒടുവിൽ വിട്ടുവീഴ്ചകൾക്കും ക്ഷമാപണങ്ങൾക്കുമപ്പുറം ഇരുവരും പിരിയാൻ തയാറാകും. ഇങ്ങനെ ചെറിയ കാരണങ്ങളാൽ ആത്മാർത്ഥ പ്രണയം തകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാൻ ഉദ്ദേശിക്കുന്ന കമിതാക്കളാണ് നിങ്ങളെങ്കിൽ വിവാഹത്തിന് മുമ്പ് നിങ്ങളുടെ പങ്കാളിയോടൊപ്പം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന് ശേഷം വിവാഹം കഴിച്ചാൽ നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും.

1. തർക്കിക്കുക

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ തർക്കിക്കുന്നത് അത്യാവശ്യമായ കാര്യമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും പങ്കാളിക്ക് മനസിലാക്കി കൊടുക്കുന്നതിന് ഇത് സഹായിക്കും. ഇത്തരം ചെറിയ തർക്കങ്ങളിൽ പോലും വലിയ രീതിയിൽ പ്രകോപിതനാവുകയും സാഹചര്യത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്യുന്നയാളാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ അയാളുമായി വിവാഹജീവിതത്തിലേയ്ക്ക് കടക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങളെ അംഗീകരിക്കാനും അതിലെ തെറ്റ് പറഞ്ഞ് മനസിലാക്കി തരാനും കഴിവുള്ളയാളാണെങ്കിൽ നിങ്ങൾ ഒന്നിച്ച് വിവാഹജീവിതം നയിക്കാൻ പറ്റിയവരാണ്.

2. യാത്ര

പ്രണയിക്കുമ്പോൾ നിങ്ങൾ ഒന്നിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടാവാം. എന്നാൽ ഒന്നിച്ച് ഒരു ദീർഘദൂര യാത്ര പോകുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ പങ്കാളിയെ കൂടുതൽ മനസിലാക്കുന്നതിന് ഇത് സഹായിക്കും.

3. ഉത്തരവാദിത്തങ്ങൾ

പ്രണയിക്കുന്ന സമയത്ത് തന്നെ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കുക. ഉത്തരവാദിത്തങ്ങൾ പങ്കിടുമ്പോൾ നിങ്ങളുടെ പങ്കാളി എങ്ങനെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാകും.

4. ഒരുമിച്ച് താമസിക്കുക

എല്ലാവർക്കും ഇത് സാദ്ധ്യമാകണമെന്നില്ല. എന്നാൽ വിവാഹത്തിന് മുമ്പ് ഒന്നിച്ച് താമസിക്കുന്നത് പങ്കാളിയെ നന്നായി മനസിലാക്കാൻ സഹായിക്കുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിന്തുണ നൽകാൻ കഴിവുള്ളയാളാണെന്ന് തോന്നുന്നുണ്ടെങ്കിൽ അയാളുമായി വിവാഹജീവിതത്തിലേയ്ക്ക് കടക്കാവുന്നതാണ്.

5. ഹോബി

ഭക്ഷണം കഴിക്കാനോ സിനിമാ തീയേറ്ററിലോ പോകുന്നതിന് പകരം ഒരുമിച്ച് എന്തെങ്കിലും ഹോബി ചെയ്യാൻ സമയം കണ്ടെത്തുക. നിങ്ങളുടെയും പങ്കാളിയുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.