
മലപ്പുറം: ചങ്ങരംകുളത്ത് ഐ ഫോൺ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിഞ്ഞുപോയത്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഹാംഗ് ആയതിനെ തുടര്‍ന്ന് ബിലാൽ സർവീസിന് കൊടുക്കാനായി കൊണ്ട് പോകവെയാണ് അപകടം ഉണ്ടായത്.
ബെെക്ക് യാത്രയ്‌ക്കിടെ പോക്കറ്റിൽ കിടന്ന ഫോൺ ചൂടാകാൻ തുടങ്ങി. പെട്ടെന്ന് വാഹനം നിർത്തി ബിലാൽ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു. പുക ഉയരുന്നത് കണ്ടതോടെ ഇയാൾ ഫോൺ വലിച്ചെറിഞ്ഞു. വളരെപ്പെട്ടെന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്. ബിലാലിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷിച്ചത്.
മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ബിലാൽ പറഞ്ഞു. മൊബൈല്‍ പൂര്‍ണമായും കത്തിയതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ബാറ്ററി ഷോര്‍ട്ട് ആയതാവാം അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
