
ജീവശാസ്ത്രപരമായ വാർദ്ധക്യത്തെക്കുറിച്ച് അടിസ്ഥാന ഗവേഷണം നടത്തുന്ന ഗവേഷകരുടെ പുതുപുത്തൻ കണ്ടുപിടിത്തമാണ്, 'ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ കോഫി കുടിക്കുക'.
'അന്നൽസ് ഒഫ് ഇന്റേണൽ മെഡിസിൻ' എന്ന ജേർണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അമേരിക്കൻ കോളേജ് ഒഫ് ഫിസിഷ്യൻസിന്റെ അക്കാദമിക് മെഡിക്കൽ ജേർണലാണ് 'അന്നൽസ് ഒഫ് ഇന്റേണൽ മെഡിസിൻ'. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്‌പെഷ്യാലിറ്റി മെഡിക്കൽ ജേർണലുകളിൽ ഒന്നാണിത്. ഏതാണ്ട് 171616 ആളുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് പഠിച്ചത് ചൈനയിലെ ഗ്വാങ്ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. അവർ എല്ലാ ഡേറ്റകളും ഇംഗ്ലണ്ടിലെ ബയോബാങ്കിൽ നിന്ന് നേടിയതാണ്.
ദിവസേന രണ്ടോ മൂന്നോ കപ്പ് കോഫി ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കുടിക്കുന്നവർക്ക് ദീർഘകാലം ആരോഗ്യത്തോടുകൂടി ജീവിക്കാം. മരണ സാദ്ധ്യത കുറവ്. പക്ഷേ പരിഷ്‌കരിച്ച കോഫി കൂടുതൽ പഞ്ചസാരയും ആധുനിക പാൽ ഉൽപ്പന്നങ്ങളും ചേർത്ത് കുടിച്ചാൽ അപകടം. നല്ല കാപ്പിപ്പൊടിയിൽ കൊഴുപ്പുനീക്കിയ പാൽ ചേർത്തു കുടിക്കണം.
കോഫികുടിയും കുടലിന്റെ ചലനശേഷിയും
കോഫി കുടിക്കുന്നത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കും. ഇത് മലമൂത്ര വിസർജ്ജനത്തിന് സഹായിക്കും. കോഫികുടി, ആമാശയത്തിലെ ആസിഡ് ഉണ്ടാക്കാൻ സഹായിക്കുന്ന ഗ്യാസ്ട്രിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കുടലിലെ ആവശ്യമില്ലാത്ത ബാക്ടീരയകളെ തുടച്ചു നീക്കും; അങ്ങനെ അണുബാധയ്ക്കുള്ള സാദ്ധ്യത കുറയും. ആരോഗ്യകരമായ കുടൽ, ആരോഗ്യത്തിന്റെയും ദീർഘായുസിന്റെയും ഒരു പ്രതീകമാണെന്ന് ഓർക്കുക. ആന്റി ഓക്‌സിഡന്റുകൾ, ധാതുക്കൾ, ജൈവസസ്യ സംയുക്തങ്ങൾ കോഫിയിൽ നിറഞ്ഞിരിക്കുന്നു. ഭക്ഷണം കുടലിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തിലേക്ക് പോകുമ്പോൾ ദ്രാവകങ്ങളും പോഷകങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ബാക്കിയുള്ളത് മലവിസർജ്ജനത്തിലൂടെ പുറന്തള്ളപ്പെടും. ചെറുകുടൽ ആഹാരത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നു. പോഷകങ്ങളില്ലാത്ത ബാക്കിഭാഗം വൻകുടലിലൂടെ പോകുമ്പോൾ അതിലുള്ള ദ്രാവകങ്ങൾ വൻകുടൽ ആഗിരണം ചെയ്യും. ബാക്കി ഖരമാലിന്യങ്ങൾ മലദ്വാരത്തിലൂടെ പുറത്തുപോകും. കക്കൂസിലിരിക്കുമ്പോൾ ബി.സി 400 ൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിന് അറിയാമായിരുന്നു, എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് കുടലിൽനിന്നാണെന്ന്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസിലാക്കിയിട്ടുള്ളതാണ്, മനുഷ്യശരീരത്തിൽ ഏതാണ്ട് 4000 കോടിയോളം ബാക്ടീരിയകളുണ്ട്. ഇതിൽ ഭൂരിപക്ഷവും കുടലിലാണുള്ളതെന്ന്. കുടൽ ബാക്ടീരിയകളെ മെച്ചപ്പെടുത്താൻ കോഫി കുടി ഉൾപ്പെടെ വിവിധ വഴികളുണ്ട്.
ആരോഗ്യം നിലനിറുത്താം
പ്രമേഹം വരാനുള്ള സാദ്ധ്യത കുറയ്ക്കാനും, തലച്ചോറിന്റെ ആരോഗ്യത്തെ നിലനിറുത്താനും, കരൾ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും, അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം, ബുദ്ധിമാന്ദ്യം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കോഫികുടി അത്യുത്തമമാണ്. അങ്ങനെ അപ്പോഴും ഇപ്പോഴും എപ്പോഴും നല്ല ആരോഗ്യം നിലനിറുത്താം.
ഡോ. വിവേകാനന്ദൻ പി. കടവൂർ