jogging

പുരുഷന്മാർ സ്ഥിരമായി ചെയ്യുന്ന ഒരു വ്യായാമമാണ് ഓട്ടം. എന്നാൽ ഇത് പുരുഷന്മാരുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. യൂണിവേഴ്സിറ്റി കോളേ‌ജ് ലണ്ടൻ, സെന്റ് ബർത്തോലോമിയോസ് ആശുപത്രി എന്നിവടങ്ങളിലെ ആരോഗ്യ ഗവേഷകർ നടത്തിയ പഠനങ്ങളിലാണ് പുതിത കണ്ടുപിടിത്തം.

പഠനത്തിലെ കണ്ടെത്തൽ അനുസരിച്ച് പുരുഷന്മാർ ദൂർഘദൂരം സ്ഥിരമായി ഓടുന്നത് അവരിലെ ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കും. പതിവായി മാരത്തോൺ പോലുള്ള കായിക മേളകളിൽ പങ്കെടുക്കുന്ന പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ഇവരുടെ ഹൃദയാരോഗ്യം മോശം അവസ്ഥയിലാണെന്ന് കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. എന്നാൽ പുറമേ ഇവരെല്ലാം തന്നെ ആരോഗ്യമുള്ളവരായി കാണപ്പെടുകയും ചെയ്യുന്നുണ്ടെന്നതാണ് ആശ്ചര്യമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇവരിൽ ഹൃദയത്തിന്റെ ആരോഗ്യം പത്തുവർഷം വരെ കുറയാനുള്ള സാദ്ധ്യതയും കാണുന്നതായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

അതേസമയം സ്ത്രീകൾ ദീർഘദൂരം സ്ഥിരമായി ഓടുന്നത് അവരുടെ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്നും ഇതേ പഠനത്തിൽ പറയുന്നു. ആറ് വർഷം വരെയാണ് ഇത്തരം സ്ത്രീകളിൽ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിച്ചതായി കണ്ടെത്തിയത്. പ്രധാനമായും നാല്പപത് വയസ് കടന്ന പുരുഷന്മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇതിനു വേണ്ടി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന മുന്നൂറോളം പുരുഷന്മാരിൽ ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

പ്രായം, ആരോഗ്യാവസ്ഥ, ശരീരഭാരം എന്നിവയെല്ലാം കണക്കാക്കി ആരോഗ്യവിദഗ്ദ്ധരുടെ നി‌ർദ്ദേശമനസരിച്ച് വേണം ഓട്ടം മുതലായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് എന്നും ഉപയോഗിക്കുന്ന വസ്ത്രം, ഷൂ എന്നിവയെല്ലാം അതിന് വിദഗ്ദ്ധരുടെ നിർദ്ദേശമനുസരിച്ചുള്ളതായിരിക്കണമെന്നും ഗവേഷകർ പറയുന്നു. സ്ത്രീകളാണെങ്കിൽ നിർബന്ധമായും സ്പോർട്സ് ബ്രാ ധരിക്കണമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.