ഒഡിഷയിലെ ബാജി റൗട്ട് എന്ന 12 വയസ്സുകാരനാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി കണക്കാക്കപ്പെടുന്നത്

"ഇതൊരു ചിതയല്ല , സുഹൃത്തുക്കളെ. നിരാശയുടെ ഇരുട്ടിൽ കഴിയുന്ന നമ്മുടെ രാജ്യത്തിന് ഇത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചമാണ്. ഇത് നമ്മുടെ സ്വാതന്ത്ര്യ-അഗ്നിയാണ്."
ബാജി റൗട്ട് എന്ന ധീരനായ രക്തസാക്ഷിയുടെ ഓർമ്മയ്ക്കായി , ജ്ഞാനപീഠ പുരസ്‌കാര ജേതാവ് സച്ചിദാനന്ദ റൗത്രൈ എഴുതിയ 'തോണിക്കാരൻ' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാരുടെ പങ്ക് വളരെ വലുതായിരുന്നു. പ്രായ-ലിംഗ ഭേദമന്യേ , ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ തങ്ങളാലാവും വിധം ജനങ്ങൾ പ്രതിരോധം സൃഷ്ടിച്ചു. പലർക്കും അവരുടെ ജീവൻ പോലും നഷ്ടമായി. ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട ഒഡിഷയിലെ ബാജി റൗട്ട് എന്ന 12 വയസ്സുകാരനാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി കണക്കാക്കപ്പെടുന്നത്. ഒഡിഷയിലെ ദെൻകനാൽ ജില്ലയിലെ ഒരു തോണിക്കാരന്റെ ഇളയ മകനായി 1926 ഒക്ടോബർ 5 നാണ് ബാജി റൗട്ട് ജനിച്ചത്. നിർഭാഗ്യവശാൽ, ചെറുപ്രായത്തിൽ തന്നെ ബാജിക്ക് പിതാവിനെ നഷ്ടപ്പെട്ടു. അയൽപക്കത്തെ ഗ്രാമത്തിൽ പുല്ല് വെട്ടുന്ന ജോലി ചെയ്തിരുന്ന അമ്മയാണ് അവനെ വളർത്തിയത്. അന്നത്തെ ദെൻകനാൽ രാജാവായിരുന്ന ശങ്കർ പ്രതാപ് സിംഗ് ദേവിന്റെ ക്രൂരത അതിന്റെ പാരമ്യത്തിലായിരുന്നു. ബ്രിട്ടീഷുകാരുമായി ചേർന്ന് പാവപ്പെട്ട ഗ്രാമീണരിൽ നിന്ന് കനത്ത നികുതിയായിരുന്നു ഭരണകൂടം ഈടാക്കിയത്. അനീതിക്കെതിരെ വീർ ബൈഷ്ണവ് എന്നറിയപ്പെടുന്ന ബൈഷ്ണവ് ചരൺ പട്നായിക്, പ്രജാമണ്ഡൽ അഥവാ പാർട്ടി ഓഫ് പീപ്പിൾ എന്ന സംഘടനക്ക് രൂപം നൽകി . കുട്ടികാലം മുതലേ പ്രജാമണ്ഡലിലെ സജീവ അംഗമായിരുന്നു ബാജി . സംഘടനാ ശക്തി ഭരണകൂടത്തിന് തലവേദനയാവുമെന്ന് മനസിലാക്കിയ ഭരണകൂടം വീർ ബൈഷ്ണവിനെ ലക്ഷ്യം വെച്ച് പലതവണ ഭുബൻ ഗ്രാമം ആക്രമിച്ചു. അതിന്റെ തുടർച്ചയായി 1938 ഒക്ടോബർ 10-നും അവർ അക്രമം അഴിച്ചുവിട്ടു. ബൈഷ്ണവിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ പൊതുജനങ്ങൾക്ക് മേൽ പലരീതിയിലുള്ള പീഡനമുറകൾ പ്രയോഗിച്ചെങ്കിലും എല്ലാം വെറുതെയായി. ചിലരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ അറസ്റ്റിനെതിരെ പ്രജാമണ്ഡലം ഉണർന്നു പ്രതിഷേധിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈനികർ വെടിയുതിർത്തപ്പോൾ രണ്ട് പേർ കൊല്ലപ്പെട്ടു. ഈ സംഭവം പ്രദേശവാസികളിൽ അക്രമവീര്യം കൂട്ടുമെന്നും, അവരുടെ ജീവൻ അപകടത്തിലാകുമെന്നും മനസിലാക്കിയ ബ്രീട്ടീഷ് ഭരണകൂടം രക്ഷപ്പെടാൻ മാർഗ്ഗമന്വേഷിക്കുകയും . നീലകണ്ഠപൂർ ഘട്ട് വഴി ദെൻകനാൽ പോകാൻ പദ്ധതിയിടുകയും ചെയ്തു. അങ്ങനെ, അടുത്ത ദിവസം ഒക്‌ടോബർ 11-ന് അവർ ബ്രാഹ്മണി നദിയുടെ നീലകണ്ഠപൂർ ഘട്ടിലെത്തി. ആ പെരുമഴയത്ത് 12 വയസ്സുള്ള ബാജി റൗട്ടിനോട് ,അവരെ തോണിയിൽ മറുകരയിൽ എത്തിക്കാൻ ഉത്തരവിട്ടു. ബാലനെങ്കിലും നാട്ടുകാർക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം നടത്തുന്ന അക്രമ പരമ്പരകളുടെ തീവ്രത ഉൾക്കൊണ്ട ബാജി അവരുടെ ഉത്തരവ് ചെവികൊണ്ടില്ലെന്ന് മാത്രമല്ല പട്ടാളത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകാനായി ബഹളം വെയ്ക്കുകയും ചെയ്തു .രോഷാകുലരായ ബ്രിട്ടീഷുകാർ ബാജിയേയും മറ്റ് നാല് പേരെയും വെടിവച്ചു കൊന്നു. ഭുബനേശ്വർ വെച്ചാണ് , ഈ ധീരനായ ബാലനെ പറ്റി അറിഞ്ഞത് . അതിരാവിലെ ഞങ്ങൾ നീലകണ്ഠപൂർ ഘട്ടിലേക്ക് തിരിച്ചു. പല ഉൾനാടൻ ഗ്രാമങ്ങളിലൂടെയും, അതോടൊപ്പം ബാജിയുടെ പേരിലുള്ള വലിയ ഒരു പാലത്തിലൂടേയും സഞ്ചരിച്ച് മൂന്നു മണിക്കൂറിനു ശേഷമാണ് സ്മാരകത്തിലെത്തിയത്. സ്മാരക കവാടത്തിനു മുകളിൽ ബാജിയെ വെടിവെച്ച സംഭവത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി ഒരു തോണിയും , ബാജിക്ക് നേരെ വെടി ഉതിർക്കുന്ന പോലീസ്‌കാരുടെ പ്രതിമയും സ്ഥാപിച്ചുട്ടുണ്ട്. ഞങ്ങൾ സ്മാരകത്തിലേക്ക് കയറിയപ്പോൾ പിറകിലെ പഞ്ചായത്തു കെട്ടിടത്തിൽ അവധിക്കാല ക്ലാസിനു വന്ന കുട്ടികൾ സ്മാരകത്തിൽ നിന്നും പുറത്തു വരുന്നുണ്ടായിരുന്നു. തുറന്ന മണ്ഡപത്തിൽ ബാജിയുടെ അർദ്ധകായ പ്രതിമയും , അതിനോട് ചേർന്ന് കറുത്ത ഒരു സ്മാരകവുമായിരുന്നു ഉണ്ടായിരുന്നത്. കൈയിൽ കരുതിയിരുന്ന ചിരാഗ് അവിടെ കത്തിച്ചു വെച്ച് തൊഴു കയ്യുമായി അൽപ സമയം നിന്നു. സ്വന്തം ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലായിട്ടും , ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള നാട്ടുകാരുടെ ചെറുത്തു നിൽപ്പിന് ഒപ്പം നിന്ന് , സ്വയം ജീവൻ നഷ്ടപ്പെടുത്തിയ ഈ ബാലൻ സ്വാതന്ത്ര്യ സമരത്തിലെ ധീര ബാലനാണെന്ന് നിസ്സംശയം പറയാം.