
ചന്ദ്രക്കല എസ്.കമ്മത്ത് മകൻ ഡോ. എസ്. കെ പ്രതാപ്
ആസ്വാദക ഹൃദയങ്ങളിൽ ഹൃദയം പിളർക്കുന്ന വേദനകൾ സൃഷ്ടിച്ച, പ്രണയിക്കാനും പോരാടാനും പ്രേരിപ്പിച്ച ജനപ്രിയ നോവലിസ്റ്റ് ചന്ദ്രക്കല. എസ് കമ്മത്ത് എഴുത്തിനെ ഏറെക്കാലമായി അമാവാസിയിൽ ഒളിപ്പിച്ചിരിക്കുകയാണ്. നല്ല പാതിപോയ സങ്കടത്തിൽ ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാനാണ് ചന്ദ്രക്കല എഴുതിത്തുടങ്ങിയത്. അത് മലയാള സാഹിത്യത്തിൽ വേദനയുടെ പെരുമഴക്കാലം സൃഷ്ടിച്ചു. ആ വഴിയേ തന്നെ നടക്കുകയാണ് മകൻ ഡോ. എസ്.കെ. പ്രതാപ്. വർത്തമാനകാല കേരളത്തിന്റെ മഹാസങ്കടങ്ങളിലൊന്നായ രക്തസാക്ഷിത്വങ്ങൾ ഉറ്രവരിൽ സൃഷ്ടിക്കുന്ന ശൂന്യതയെ അദ്ദേഹം ഒരു കറുത്ത കാൻവാസിലാക്കിയിരിക്കുകയാണ്. 'ദി ബ്ലാങ്ക് കാൻവാസ് " എന്ന ഡോ. എസ്.കെ. പ്രതാപിന്റെ ആദ്യ ഇംഗ്ലീഷ് നോവൽ ഈമാസം അവസാനം പുറത്തിറങ്ങും.
രക്തസാക്ഷികൾ ആയിരങ്ങളുടെ സിരകളിൽ ആവേശമായി പടരും. മുദ്രാവാക്യങ്ങളിലൂടെ തീക്കാറ്റായി പടരും. ആ തീക്കാറ്റ് രക്തസാക്ഷിയുടെ പ്രസ്ഥാനത്തിന് വളമായി മാറും. പക്ഷെ അവരുടെ കുടുംബം എല്ലാവരുടെയും ഓർമ്മകളിൽ നിന്നും മറയും. ഒരു രക്തസാക്ഷിയുടെ  മകന്റെ ആത്മസംഘർഷങ്ങളും മനോവ്യാപാരങ്ങളുമാണ് ദി ബ്ലാങ്ക് കാൻവാസ് എന്ന നോവലിന്റെ പ്രമേയം. ഒരു രക്തസാക്ഷിയുടെ മകനാണ് നായകനെങ്കിലും  ഒരുനൂറ് രക്തസാക്ഷികളുടെ അമ്മമാരുടെ, ഭാര്യയുടെ, മക്കളുടെ കണ്ണീർ, തിരമാലകളായി ഈ നോവലിൽ ഇരമ്പിയാർക്കുന്നുണ്ട്. ചന്ദ്രക്കല എസ്. കമ്മത്തിന്റെ എഴുത്തിന്റെ തുടക്കവും സ്വപ്നം കാണാൻ പോയിട്ട് ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും അവകാശമില്ലാതെ ഇല്ലങ്ങളിൽ തളയ്ക്കപ്പെട്ട പെൺകുട്ടികളുടെ സങ്കടങ്ങൾ പങ്കുവച്ചായിരുന്നു. രുഗ്മ എന്ന ആ നോവൽ പി.ജി. വിശ്വംഭരൻ പിന്നീട് സിനിമയാക്കി. ചന്ദ്രക്കലയുടെ തൂലികയിൽ പിറന്ന എല്ലാ രചനകളും വായനക്കാർ ഹൃദയം കൊണ്ട് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം ആവശ്യപ്പെട്ട പ്രകാരം മുത്തശ്ശി രാമായണം എഴുതി, എഴുത്തിന് അവർ താത്ക്കാലിക വിരാമമിട്ടിരിക്കുകയാണ്.

ഡോ. എസ്.കെ. പ്രതാപിന്റെ ദി ബ്ലാങ്ക് കാൻവാസ് എന്ന പുതിയ നോവലിന്റെ പുറംചട്ട
ഭർത്താവ് എം. സഞ്ജീവ കമ്മത്ത് മരിക്കുമ്പോൾ ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന ചന്ദ്രക്കല എസ്. കമ്മത്തിന് 39 വയസ് മാത്രമാണ്. അതിന് മുൻപ് ചെറിയ ലേഖനങ്ങൾ മാത്രം എഴുതിയിരുന്ന ചന്ദ്രക്കല നോവലുകൾ എഴുതിത്തുടങ്ങിയപ്പോൾ അയലത്തെ വീട്ടിലെ സാധാരണ സ്ത്രീകൾ നോവലുകൾ പറഞ്ഞും വായിച്ചും കേൾക്കാൻ വീട്ടിലേക്ക് എത്തുമായിരുന്നു. അങ്ങനെ അമ്മയുടെ കഥകൾ കേട്ടാണ് എസ്.കെ. പ്രതാപ് വളർന്നത്. അമ്മയിൽ നിന്നും കഥാരചനയുടെ രസതന്ത്രം പഠിച്ച പ്രതാപിന്റെ ആദ്യരചനയ്ക്ക് സ്കൂളിലെ കഥാരചനാ മത്സരത്തിൽ സമ്മാനം കിട്ടി. പക്ഷേ കൂടുതൽ ആവേശത്തോടെ എഴുതിയില്ല. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയതിന് പിന്നാലെ എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. അമേരിക്കൻ എഴുത്തുകാരൻ ഹെൻറി മില്ലറിന്റെ നോവലുകളിലെ അരാജകത്വത്തെക്കുറിച്ചുള്ള ഗവേഷണത്തിന് 2005ൽ എം.ജി സർവകലാശാലയിൽ പി.എച്ച്.ഡി ലഭിച്ചു.
1990ലാണ് എസ്.കെ. പ്രതാപിന്റെ 'ഉണ്ണി അറിഞ്ഞത് " എന്ന ആദ്യ കഥ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചത്. പിതൃഹത്യയ്ക്ക് മുൻപ്, ഭൂമി ഭാഗ്യം എന്നീ കഥാസമാഹാരങ്ങൾ പിന്നീട് പുറത്തിറങ്ങി. സോഷ്യൽ മീഡിയയുടെ വരവോടെ ഇംഗ്ലീഷ് രചനകളുടെ വലിയ വായനാസമൂഹത്തെ പരിചയപ്പെട്ടു. ഇതോടെ 2012 മുതൽ എഴുത്ത് ഇംഗ്ലീഷിലായി. എകലവ്യ എ ബുക്ക് ഒഫ് പോയംസ്, ടാബ്ലോ പോയംസ് ഒഫ് ലൈഫ് ആൻഡ് ക്രീച്ചേഴ്സ്, ബ്ലാക്ക് സ്പ്രിംഗ് എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനിടയിൽ ബ്ലഡ് റെയിൻ ആൻഡ് അദർ സ്റ്റോറീസ് എന്ന ഇംഗ്ലീഷ് കഥാസമാഹാരവും എസ്.കെ. പ്രതാപ് വായനക്കാർക്ക് സമ്മാനിച്ചു. കഥകളും കവിതകളും എഴുതുന്നതിനിടയിൽ തന്നെ ദി ബ്ലാങ്ക് കാൻവാസ് എന്ന നോവലിന്റെ ചട്ടക്കൂട് തയ്യാറാക്കിയിരുന്നു. പിന്നീട് പലതവണ രാകിമിനുക്കിയാണ് ഇപ്പോൾ വായനക്കാർക്ക് മുന്നിലെത്തിക്കാൻ പാകപ്പെടുത്തിയത്. കൊല്ലം കേന്ദ്രമാക്കിയുള്ള ഡ്രീം ബുക്ക് ബയന്ററിയാണ് പുസ്തകത്തിന്റെ പ്രസാധകർ.
കൊല്ലം വാടിയിലെ വസതിയിലുള്ള ചന്ദ്രക്കല. എസ്. കമ്മത്ത് മകന്റെ പുതിയ നോവലിനായുള്ള കാത്തിരിപ്പിലാണ്. എസ്.കെ. പ്രതാപ് കോളേജിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ഭാര്യ അഞ്ജന കാനറ ബാങ്ക് ഉദ്യോഗസ്ഥയാണ്. മൂത്തമകൾ ദേവിനന്ദ കോയമ്പത്തൂർ കർപ്പകം കല്പിത സർവകലാശാലയിൽ അസി. പ്രൊഫസറാണ്. ഇളയമകൾ ശാന്തിനന്ദ ടെക്നോപാർക്കിൽ ആനിമേഷനിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു.
(ലേഖകന്റെ ഫോൺ: 9633583752)