
കൊൽക്കത്ത: മലയാളിതാരം ആഷിഖ് കുരുണിയനെ ബംഗളൂരു എഫ്സിയിൽ നിന്ന് സ്വാപ് ഡീലിൽ കൈക്കലാക്കി എടികെ മോഹൻ ബഗാൻ. ആഷിക്കിന് പകരം റൈറ്റ് ബാക്ക് പ്രബീർ ദാസിനെയാണ് ബംഗളൂരുവിന് എടികെ മോഹൻ ബഗാൻ വിട്ടുനൽകുന്നത്. ഈ സീസണിൽ എടികെ മോഹൻ ബഗാൻ നടത്തുന്ന മൂന്നാമത്തെ വമ്പൻ സൈനിംഗ് ആണ് ആഷിഖിന്റേത്. നേരത്തെ ഹൈദരാബാദ് എഫ് സിയിൽ നിന്ന് ഇന്ത്യൻ താരം ലിസ്റ്റൺ കൊളാക്കോയേയും എഫ് സി ഗോവയിൽ നിന്ന് ദേശീയ ടീം സ്ട്രൈക്കർ മൻവീർ സിംഗിനെയും എടികെ സ്വന്തമാക്കിയിരുന്നു.
എടികെയും ബംഗളൂരുവും നടത്തിയിരിക്കുന്ന സ്വാപ് ഡീലിലൂടെ രണ്ട് കൂട്ടർക്കും ലാഭം മാത്രമേയുള്ളൂവെന്നാണ് വിദഗ്ദ്ധ അഭിപ്രായം. 25കാരനായ ആഷിഖ് ബംഗളൂരുവിൽ വിംഗ് ബാക്കായും ദേശീയ ടീമിൽ മുന്നേറ്റ നിരയിലുമാണ് കളിക്കുന്നത്. ക്ളബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും രണ്ട് പൊസിഷനിൽ കളിക്കുന്നതിന്റെ ദൂഷ്യങ്ങൾ പലപ്പോഴും ആഷിഖിന്റെ കളിയിലും പ്രതിഫലിക്കാറുണ്ട്. പൊതുവേ ആക്രമണോത്സുകനായ ആഷിഖിനെക്കാളും പ്രതിരോധത്തിൽ സെറ്റ് ആയ പ്രബീർദാസിനെ പോലൊരു താരത്തെയാണ് ബംഗളൂരുവിന് ഇപ്പോൾ കൂടുതൽ ആവശ്യം, പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ വരുത്തിയ പ്രതിരോധത്തിലെ വമ്പൻ പാളിച്ചകൾ വിമർശനവിധേയമായ സ്ഥിതിക്ക്.
മറുവശത്ത് വരാനിരിക്കുന്ന സീസണിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാകാനുള്ള പരിശ്രമത്തിലാണ് എടികെ. അത്രയ്ക്ക് മികച്ച സൈനിംഗുകളാണ് ഓരോ ദിവസവും അവർ നടത്തികൊണ്ടിരിക്കുന്നതും. ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് എടികെ മോഹൻ ബഗാന്റെ ക്യാമ്പിൽ നിന്ന് ഇനി വരാനിരിക്കുന്നതും വമ്പൻ വാർത്തകളാണ്. ആഷിഖിനെ പോലെ ദേശീയ ടീമിന്റെ മുന്നേറ്റനിരയിൽ സ്ഥിരസാന്നിദ്ധ്യമായ ഒരു കളിക്കാരനെ അവർ ടീമിൽ എടുത്തിരിക്കുന്നത് പലതും കണ്ടുകൊണ്ടാണെന്ന് തീർച്ച.
ആഷിഖ് അടുത്തിടെ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് ബെംഗളുരു എഫ്.സിയിൽ നിന്ന് മോഹൻ ബഗാൻ റാഞ്ചിയത്. മലപ്പുറം സ്വദേശിയായ ആഷിഖ് 2016ൽ പൂനെ സിറ്റിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിടുന്നത്. പൂനെ അക്കാഡമിയിലൂടെ വളർന്ന ആഷിഖ് നാലുമാസത്തോളം സ്പാനിഷ് ക്ളബ് വിയ്യാറയലിന്റെ അക്കാഡമിയിലും പരിശീലനം നേടിയിട്ടുണ്ട്. 2019ലാണ് പൂനെയിൽ നിന്ന് ബെംഗളുരു എഫ്.സിയിലെത്തിയത്. കഴിഞ്ഞ സീസൺ ഐ.എസ്.എൽ വരെ 29 മത്സരങ്ങൾ ബെംഗളുരുവിനായി കളിച്ചു. രണ്ട് ഗോളുകൾ നേടി. 2018ലാണ് ആദ്യമായി ദേശീയ സീനിയർ ടീമിലെത്തിയത്.ഇന്ത്യൻ കുപ്പായത്തിൽ 25 മത്സരങ്ങൾ മത്സരങ്ങൾ കളിച്ചു. ഒരു ഗോൾ നേടി.
വിംഗുകളിലൂടെ പന്തുമായി മുന്നേറാനും വിംഗ് ബാക്കായി പ്രതിരോധിക്കാനുമുള്ള കഴിവാണ് ആഷിഖിനെ കളിക്കളത്തിൽ വ്യത്യസ്തനാക്കുന്നത്. 2020-21 സീസണിൽ വിംഗ്ബാക്കായാണ് ഐ.എസ്.എല്ലിൽ ബെംഗളുരു എഫ്.സി കോച്ച് കാൾസ് കുദ്രാറ്റ് കളിപ്പിച്ചത്.