narendra-modi

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ,​ ആശങ്കകൾ,​ മാറ്റങ്ങൾ എന്നിവ ച‌ർച്ചയാകുമെന്നാണ് സൂചന.

അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിക്കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു. ചില തീരുമാനങ്ങൾ ഇപ്പോൾ ആദ്യം അന്യായമായി തോന്നാമെങ്കിലും അത് ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണംചെയ്യും. 'ഇപ്പോൾ അന്യായമായി തോന്നുന്ന തീരുമാനങ്ങൾ, ആ തീരുമാനങ്ങൾ രാഷ്‌ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ബംഗളൂുരുവിലെ പൊതുപരിപാടിയിൽ അഗ്നിപഥ് പദ്ധതിയുടെ പേര് പരാമർശിക്കാതെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാല്- അഞ്ച് വർഷം 50,000–60,000 പേർക്കുമായിരിക്കും പദ്ധതിയിൽ നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർദ്ധിക്കും.അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയിൽ സേനകളുടെ അംഗബലം കുറയും. നിലവിൽ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഇക്കാര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയമാകും