church-marriage

ഇന്തോനേഷ്യ: സർജനും ബിസിനസുകാരനുമാണെന്ന് പറഞ്ഞ് വിവാഹം കഴിച്ച ഭർത്താവ് സ്ത്രീയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞത് പത്തുമാസത്തിന് ശേഷം. 2021 മേയ് മാസത്തിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടാണ് യുവതി എരായണി എന്ന പേരുള്ളയാളെ വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പുരുഷനെന്ന രീതിയിലാണ് എരായണി പരിചയപ്പെടുത്തിയിരുന്നത്. സംഭാഷണങ്ങളും പെരുമാറ്റവും പുരുഷനെപ്പോലെയായിരുന്നു.

പ്രണയവിവാഹത്തിന് ശേഷം തന്റെ കള്ളത്തരങ്ങൾ യുവതിയുടെ വീട്ടുകാർ അറിയാതിരിക്കാൻ എരായണി അവളെ അവരിൽ നിന്ന് മാറ്റി നിറുത്തി. പിന്നീട് സൗത്ത് സുമാത്രയിലേക്ക് താമസം മാറ്റി. പണത്തിന് വേണ്ടി ഭർത്താവ് വധുവിന്റെ കുടുംബത്തെ ശല്യപ്പെടുന്നതും പതിവായി. ഭാര്യയെ മാസങ്ങളോളം വീട്ടിൽ തടവിലാക്കുകയും മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിന്ന് അവളെ വിലക്കുകയും ചെയ്തു. ഇതിനിടിയിൽ പല തവണയായി യുവതിയുടെ വീട്ടുകാരിൽ നിന്ന് എരായണി 15 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

മകളുമായി ബന്ധപ്പെടാൻ കഴിയാതായതോടെ വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാർ വന്ന് എരായണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്.