cng-

കൊല്ലം: പെട്രോളി​ന്റെയും ഡീസലിന്റെയും വില വർദ്ധനവി​ൽ നി​ന്ന് രക്ഷയ്ക്കായി​ സി.എൻ.ജിയിലേക്ക് (സമ്മർദ്ദി​ത പ്രകൃതി​ വാതകം) മാറി​യവർ വലയുന്നു. എല്ലാ പമ്പുകളിലും സി.എൻ.ജി ലഭ്യമാക്കുമെന്നുള്ള വാഗ്ദാനം ഇതുവരെ നടപ്പാക്കാത്തതും വാഹനഉടമകളെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിൽ വിരലിലെണ്ണാവുന്ന പമ്പുകളിൽ മാത്രമാണ് ഇപ്പോൾ സി.എൻ.ജി ലഭ്യമാകുന്നത്.

ആവശ്യത്തിന് പമ്പുകളില്ലാത്തതിനാൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടിയുംവരും. ഇത്തരം വാഹനങ്ങൾ പെട്രോളിലും ഓടി​ക്കാനാവുമെങ്കി​ലും നഷ്ടത്തിലേ കലാശിക്കൂ. കൂടുതൽ സി.എൻ.ജി പമ്പുകൾ ആരംഭിക്കാൻ വാഹന ഡീലർമാരും സർക്കാരും ഇടപെടണമെന്നാണ് ടാക്സി തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

കുടുങ്ങി​ ടാക്സി തൊഴിലാളികൾ

അന്തരീക്ഷ മലിനീകരണ തോത് നന്നേ കുറവുള്ള ഭാരത് സീരീസ് -6 (ബി.എസ്-6) ഗണത്തിൽപ്പെട്ട വാഹനങ്ങളാണെന്നതിനാലും മറ്റുള്ള ഇന്ധനങ്ങളെ അപേക്ഷിച്ച് ലാഭകരമാകുമെന്നുള്ള പ്രതീക്ഷയിലുമാണ് ടാക്സി തൊഴിലാളികളിൽ പലരും സി.എൻ.ജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ മൂന്നുവർഷം മുമ്പ് കിലോഗ്രാമിന് 40 രൂപ മാത്രമുണ്ടായിരുന്ന സി.എൻ.ജിക്ക് ഇപ്പോൾ ഇരട്ടിയിലധികം വിലയായി.

സി.എൻ.ജി കണക്കുകൾ

ഒരു കിലോയ്ക്ക് ജില്ലയിൽ: ₹ 83 - 84

വലിയ സി.എൻ.ജി ഓട്ടോറിക്ഷയിൽ: 9 കിലോ ടാങ്ക്

ടാങ്ക് നിറച്ചാൽ ഓടുന്ന ദൂരം: 360 കിലോ മീറ്റർ (കമ്പനികൾ അവകാശപ്പെടുന്നത്)

മൈലേജ്: 40 കിലോ മീറ്റർ

പെട്രോളിൽ ലഭിക്കുന്ന മൈലേജ്: 20 കിലോ മീറ്റർ

മലി​നീകരണം കുറവ്

1. സി.എൻ.ജി സമ്മർദ്ദിത പ്രകൃതി വാതകം എന്നതിന്റെ ചുരുക്കം

2. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനം

3. മ​റ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് പുറത്തുവിടുന്ന വിഷവാതകം കുറവ്

4. അന്തരീക്ഷ മലിനീകരണ തോത് കുറയും

5. വായുവിനേക്കാൾ ഭാരം കുറവായതിനാൽ ഇന്ധന ചോർച്ച ഉണ്ടായാൽ വായുവിൽ പെട്ടെന്ന് ലയിക്കും

6. ഏ​റ്റവും ശക്തമായ സുരക്ഷാ റെക്കോർഡ്

തിരിച്ചടികൾ

1. പമ്പുകളുടെ എണ്ണത്തിലുള്ള കുറവ്

2. സ്റ്റോക്ക് വാങ്ങാനുള്ള കാത്തിരിപ്പ്

3. കൂടുതൽ സ്റ്റോക്ക് ചെയ്യാനുള്ള സാങ്കേതിക അപര്യാപ്തത