
ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. എന്നാൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് അംഗമായ യശ്വന്ത് സിൻഹ പാർട്ടി വിടണമെന്നാണ് കോൺഗ്രസും ഇടതു പാർട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സ്ഥാനാർത്ഥിയെ ചൊല്ലി പ്രതിപക്ഷത്തെ അനൈക്യം വീണ്ടും മറ നീക്കി പുറത്തുവന്നു. നേരത്തെ പ്രഖ്യാപിച്ച് സ്ഥാനാർത്ഥികളുടെ കാര്.ത്തിലും പ്രതിപക്ഷത്ത് സമവായമുണ്ടായിരുന്നില്ല. ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്‌ദുള്ള, ഗോപാൽ കൃഷ്ണ ഗാന്ധി എന്നിവർ സ്ഥാനാർത്ഥിത്വത്തിനില്ലെന്ന് അറിയിച്ചിരുന്നു.. ടി.ആർ.എസ്, ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗോപാൽ കൃഷ്ണ ഗാന്ധി പിൻമാറിയത്.
തൃണമൂൽ കോൺഗ്രസ് അംഗത്വം രാജി വയ്ക്കുക എന്ന കോൺഗ്രസ് ആവശ്യം യശ്വന്ത് സിൻഹ സ്വീകരിക്കാൻ ഇടയില്ല. അഥവാ സ്വീകരിച്ചാൽ തന്നെ മമതയുടെ പിന്തുണയും യശ്വന്ത് സിൻഹയ്ക്ക് ലഭിക്കില്ല. പ്രതിപക്ഷത്തെ അനൈക്യം മികച്ച സ്ഥാനാർത്ഥിയെ നിറുത്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. യോഗ ദിന ആഘോഷങ്ങൾക്കു ശേഷം ബി.ജെ.പി പാർലമെൻററി ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് സാദ്ധ്യത.