rahul

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാമത്തെ ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. രാവിലെ പതിനൊന്നുമണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി അനുവദിച്ച ഒരു മണിക്കൂർ ഇടവേളയ്‌ക്കു ശേഷം വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യൽ പുനരാരംഭിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ഈ മാസം 23ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ സോണിയ ഗാന്ധി ഹാജരായേക്കില്ല. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്ന് ഇഡിയെ അറിയിക്കും. അതേസമയം, ചോദ്യം ചെയ്യൽ അകാരണമായി നീട്ടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കും.