
ന്യൂഡൽഹി: അഗ്നിപഥിന്റെ പേരിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സേനാ തലവന്മാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വെവ്വേറെയായി പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറുമായാണ് ആദ്യ കൂടിക്കാഴ്ച. അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികളുമായി സേനകൾ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ച.
അതേസമയം, സായുധ സേനയിൽ നാല് വർഷത്തെ സേവനം പൂർത്തിയാക്കി തിരിച്ചെത്തുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 'ഹരിയാന സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹമുള്ളവർക്ക് ഉറപ്പായും ജോലി നൽകും. ഗ്രൂപ്പ് സി ജോലികൾ താൽപ്പര്യമുള്ളവർക്ക് ഏത് കേഡറിലും ചേരാം.' - ഖട്ടർ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീറുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് ഖട്ടർ നേരത്തേ പറഞ്ഞിരുന്നു. നാല് വർഷത്തെ സേവനത്തിന് ശേഷം തിരിച്ചെത്തുമ്പോൾ 12ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ഇൻഷ്വറൻസും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു.