
മുംബയ്: മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രി ഏക്‌നാഥ് ഷിൻഡെയും അദ്ദേഹത്തെ അനുകൂലിക്കുന്ന 13 ശിവസേന എംഎൽഎമാരും ഒളിവിൽ. ശിവസേനയിൽ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചില ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് മറിച്ചതായി ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം, കാണാതായ മന്ത്രി ഷിൻഡെയും എംഎൽഎമാരും സൂറത്തിലെ ഒരു ഹോട്ടലിലുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എൻസിപിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് എംഎൽസി സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അഞ്ചും മഹാവികാസ് അഘാടി സഖ്യം ആറ് സ്ഥാനാർത്ഥികളെയുമാണ് നിർത്തിയിരുന്നത്.
മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് 106എംഎൽഎമാരാണുള്ളത്. അഞ്ച് എംഎൽസിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടെയും മറ്റ് പാർട്ടികളുടെയും എംഎൽഎമാരുടെയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോർട്ടുകൾ. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ചില എംഎല്‍എമാര്‍ തങ്ങള്‍ക്ക് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞിരുന്നു. വോട്ട് മറിക്കാതെ തങ്ങള്‍ക്ക് ഒരിക്കലും ജയിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു.