
ന്യൂഡൽഹി : എയിഡ്സ് പടർത്തുക എന്ന ഉദ്ദേശത്തോടെ എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. എച്ച് ഐ വി ബാധിതനായ 25കാരനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ബദർപൂരിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് താൻ എച്ച്‌ഐവി ബാധിതനാണെന്നും ബോധപൂർവം ശ്രമിച്ചതാണെന്നും പ്രതി സമ്മതിച്ചത്.
ജൂൺ 15നാണ് ഡൽഹിയിലെ മൊളാർബാൻഡ് എക്സ്റ്റൻഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ബദർപൂർ പൊലീസിന് പരാതി ലഭിക്കുന്നത്. അയൽവാസിയായ ആഗ്ര സ്വദേശി തന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയിൽ ആരോപിച്ചത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
പരാതി ലഭിച്ചയുടൻ പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് സംഘം പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും, ഹരിയാനയിലെ പൽവാൽ ജില്ലയിലെ ബാമിനിഖേര ഗ്രാമത്തിലെ വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.