
മൈസൂർ : കർണാടകത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത ഭക്ഷണം കഴിച്ചത് മൈസൂരിലെ രാജകുടുംബാംഗങ്ങൾക്കൊപ്പം. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് അംബാ വിലാസ് കൊട്ടാരം വളപ്പിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ ഇന്നൊവേറ്റീവ് ഡിജിറ്റൽ യോഗ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രഭാതഭക്ഷണത്തിനായി കൊട്ടാരത്തിലെത്തിയത്. രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്.
മൈസൂരു രാജകുടുംബത്തിലെ യദുവീർ കൃഷ്ണദത്ത ചാമരാജ വാദിയാരും രാജ്മാതാ പ്രമോദ ദേവി വാഡിയരും യോഗ ദിന പരിപാടിയിൽ മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി പ്രമോദ ദേവി വാഡിയാർ പറഞ്ഞു.
'അദ്ദേഹം യോഗാ ദിനത്തിന് മൈസൂരുവിൽ വരുമ്പോൾ പ്രഭാതഭക്ഷണത്തിന് ഞങ്ങളുടെ വീട്ടിലേക്ക് വരാൻ ഞാൻ ക്ഷണിച്ചിരുന്നു, മറ്റുള്ളവർക്ക് അത് കൊട്ടാരമായിരിക്കാം. ഞാൻ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയിരുന്നു, അദ്ദേഹം അത് സ്വീകരിച്ചു, ഞങ്ങൾക്ക് സന്തോഷമുണ്ട്', രാജ്മാതാ പ്രതികരിച്ചു. പ്രഭാത ഭക്ഷണത്തിനുള്ള മെനുവിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. മൈസൂരിന്റെ സ്വന്തം മൈസൂർ പാക്ക് തീർച്ചയായും മെനുവിൽ ഇടം നേടി. മറ്റൊരു വിഭവം മലയാളികൾക്കുൾപ്പടെ പ്രയങ്കരമായ മൈസൂരു മസാല ദോശയായിരുന്നു.