devendra-fadnavis

മുംബയ്: മഹാരാഷ്ട്രയിൽ ശിവസേന സർക്കാരിനെ വീഴ്ത്തി ബിജെപി സർക്കാരുണ്ടാക്കാൻ സജീവ നീക്കം. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുൻനിർത്തിയാണ് പുതിയ നീക്കം. ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണയ്ക്കണമെന്ന് മന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു.

പുതിയ നീക്കവുമായി ബന്ധപ്പെട്ട് ശിവസേന വിമത ക്യാമ്പിലേയ്ക്ക് എംഎൽഎമാർ ഒഴുകിയെത്തുകയാണ്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സൂറത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്യാമ്പിലേയ്ക്കാണ് കൂടുതൽ എംഎൽഎമാർ എത്തുന്നത്. ഷിൻഡയോടൊപ്പം ശിവസേനയിലെ 21ഓളം എംഎൽഎമാരും ക്യാമ്പിലുണ്ട്. ഇവരിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നു. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടുകൾ രേഖപ്പെടുത്തിയ എംഎൽഎ അടക്കം ക്യാമ്പിലുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയും മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ പരിശോധിച്ചു. നഡ്ഡയുടെ വീട്ടിലെത്തിയാണ് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഫഡ്‌നാവിസ് ഡൽഹിയിലെത്തി ഇരുവരുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ ഷിൻഡയെ മുൻനിർത്തി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.ഇത് സംബന്ധിച്ച് ഷിൻഡെയുമായി ആശയവിനിമയം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കി കഴിഞ്ഞ ദിവസം രാത്രിയാണ് ഷിൻഡെ എംഎൽഎമാരെയും കൂട്ടി വിമത ക്യാമ്പിലെത്തിയത്.പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഷിൻഡെ. ഇന്നലെ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ പത്ത് സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഷിൻഡെയും എംഎൽഎമാരും ഒളിവിൽപ്പോയത്. പാർട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെ പരാതി ഉന്നയിക്കുകയായിരുന്നു.