vasthu

ഒരു വീടിന്റെ പ്രധാന ഭാഗമാണ് അടുക്കള. വീട് പണിയുമ്പോൾ അടുക്കളയുടെ സ്ഥാനം എവിടെയാകണമെന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വാസ്തു ശാസ്ത്രപ്രകാരം പണിത വീടല്ലെങ്കിൽ പോലും പലരും ഇക്കാര്യം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സ്ഥാനം നോക്കി അടുക്കള പണിതാൽ മാത്രം പോര വീട്ടിൽ ഉണ്ടാകുന്ന പല ദോഷങ്ങളും മാറണമെങ്കിൽ കുറച്ച് കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

രാവിലെ മുതൽ രാത്രി വരെയുള്ള ഭക്ഷണം പാചകം ചെയ്യേണ്ടത് കൊണ്ടുതന്നെ എപ്പോഴും വൃത്തികേടാകുന്ന സ്ഥലമാണ് അടുക്കള. ആവർത്തിച്ച് പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നതിനാൽ പലരും എന്നും കാര്യമായി അടുക്കള വൃത്തിയാക്കാറില്ല. ആഴ്ചയിൽ ഒരിക്കലാവും മിക്കവാറും വീടുകളിൽ അടുക്കള നല്ല രീതിയിൽ കഴുകി വൃത്തിയാക്കുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്യരുത്. ഭക്ഷണം ഉണ്ടാക്കിയ ശേഷം അവശിഷ്ടങ്ങൾ അടുക്കളയിൽ ഉപേക്ഷിക്കരുത്. ഉപയോഗിച്ച പാത്രങ്ങളും വൃത്തിയാക്കി വയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിലും പാത്രങ്ങളിലും ഈച്ച കയറുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നനഞ്ഞ തുണി ഉപയോഗിച്ച് മേശ തുടച്ച് വൃത്തിയാക്കുന്നതും നല്ലതാണ്.

അത്താഴം പാകം ചെയ്ത ശേഷം, അടുപ്പ് വൃത്തിയാക്കുക. ശേഷം അടുക്കളയുടെ തറ തൂത്തുവാരി തുടയ്ക്കുക. ഇങ്ങനെ ദിവസവും അടുക്കള വൃത്തിയാക്കുന്നത് ശീലമാക്കുക. ഇത് വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നതിന് സഹായിക്കും. കൂടാതെ പല രോഗങ്ങളിൽ നിന്നും കുടുംബാംഗങ്ങളെ രക്ഷിക്കാനും ഈ ശീലം നിങ്ങളെ സഹായിക്കുന്നു.