
ചായയും കാപ്പിയും കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ കട്ടൻ ചായ കുടിക്കാൻ മാത്രമല്ല, മുടിയുടെ സംരക്ഷണത്തിനും പണ്ട് മുതലേ ഉപയോഗിക്കാറുണ്ട്. ഹെന്ന തയാറാക്കുമ്പോഴും മറ്റ് പല ഹെയർ പായ്ക്കുകളിലും കട്ടൻ ചേർക്കാറുണ്ട്. എന്നാൽ കട്ടൻ ചായ മുടിയ്ക്ക് മാത്രമല്ല, ചർമത്തിൽ പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
കട്ടൻ ചായയിലും ഗ്രീൻ ടീയിലും കാറ്റെച്ചിനുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് ഹാനികരമായ വിഷവസ്തുക്കളെ അകറ്റുന്നതിനും ചർമത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും നല്ലതാണ്. ചർമത്തിലെ അണുബാധകൾ, മുഖക്കുരു എന്നിവയ്ക്കെതിരെ പോരാടുന്നതിനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വരുന്നത് വൈകിപ്പിക്കാനും സഹായിക്കുന്നു.
കൂടാതെ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടാനും ചർമത്തിന്റെ പിഎച്ച് നിലനിർത്താനും ചായയുടെ പ്രകൃതിദത്തമായ സ്വഭാവഗുണങ്ങൾ സഹായിക്കുന്നു. ചായയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സൂക്ഷ്മാണുക്കളെ ചെറുക്കാനും ചർമത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. കഫീനിന്റെയും ടാന്നിന്റെയും ഗുണം ചർമത്തിനടിയിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നത് ഒഴിവാക്കാനും കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറവും വീക്കവും ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ചർമത്തിന്റെ എല്ലാ പ്രശ്നങ്ങളുമകറ്റി തിളക്കം ലഭിക്കുന്നതിന് കട്ടൻ ചായ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്.
ഫേസ്‌പാക്ക്
ചർമം വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് രണ്ട് ടേബിൾ സ്പൂൺ കട്ടൻ ചായ ഒരു ടോബിൾ സ്പൂൺ തേനുമായി കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക. ചുണ്ടുകളിലെ വരൾച്ച മാറ്റുന്നതിനും മുഖക്കുരു വേഗത്തിൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു.