
മൊബൈൽ ഫോൺ പോലും ഓഫീസ് സമയത്ത് ഉപയോഗിക്കാൻ അനുവദിക്കാത്ത ന്യൂജൻ കമ്പനികൾ നിരവധിയാണ്. തൊഴിൽ സമയത്ത് ടീ ബ്രേക്കിന് പോലും ഇവിടെ നിയമങ്ങളുണ്ടാവും. എന്നാൽ മിക്ക കമ്പനികളിലും ഈ നിയന്ത്രണങ്ങൾ തൊഴിലാളികൾ മറികടക്കുന്നത് ഫ്രഷാകാനായി വാഷ് റൂമിലെത്തുമ്പോഴാണ്. എന്നാൽ അവിടെയും തൊഴിലാളികൾക്ക് പാര പണിയുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ടോയ്ലറ്റിൽ നീണ്ട നേരം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക ഡിസൈനിലാണ് ടോയ്ലറ്റ് നിർമ്മിച്ചിരിക്കുന്നത്.
13 ഡിഗ്രി മുന്നോട്ട് ചരിഞ്ഞിരിക്കുന്ന ടോയ്ലറ്റിൽ ഒരാൾക്കും അഞ്ച് മിനിട്ടിൽ കൂടുതൽ ചെലവഴിക്കാൻ കഴിയുകയില്ല. ഇത് ജോലി സ്ഥലത്ത് ഒരു നീണ്ട ബാത്ത്‌റൂം ഇടവേള എടുക്കുന്നത് തടയും എന്നാണ് സ്റ്റാൻഡേർഡ് ടോയ്ലറ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്. ടോയ്ലറ്റിൽ നീണ്ടനേരം ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്തും, കാൻഡി ക്രഷ് കളിക്കാനും ആളുകൾ സമയം ചെലവഴിക്കുന്നത് ഇതിലൂടെ അവസാനിപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഈ കണ്ടുപിടിത്തം ജീവനക്കാരുടെ ആരോഗ്യത്തിന് ഉചിതമാണെന്നാണ് കമ്പനിയുടെ സ്ഥാപകൻ പറയുന്നത്.
ടോയ്ലറ്റിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനാൽ രോഗാണുക്കളും വൈറസുകളും ശരീരത്തിൽ പ്രവേശിക്കാനുള്ള സാദ്ധ്യതയും കുറയുന്നു. എന്നിരുന്നാലും ഈ ഉത്പന്നം കൊണ്ടുള്ള പ്രധാന നേട്ടം തൊഴിലുടമകൾക്കാണെന്ന് കന്പനി ആണയിടുന്നു.