shiv-sena

മുംബയ് : രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ കൂടുതൽ വോട്ട് ഉറപ്പിക്കാൻ ബി. ജെ. പി തന്ത്രങ്ങൾ മെനയുന്നതിനിടെ ഭരണകക്ഷിയായ ശിവസേനയിലെ കൂട്ടക്കാലുമാറ്റം ഉദ്ധവ് താക്കറെ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാക്കി.

തിങ്കളാഴ്ച ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കൂറുമാറി ബി. ജെ.പിക്ക് വോട്ട് ചെയ്‌ത മന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ രണ്ട് ഡസനിലേറെ ശിവസേന എം. എൽ. എമാർ ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താവളമടിച്ചതോടെ വിമതരുടെ കലാപം പരസ്യമായി. കൗൺസിൽ വോട്ടെടുപ്പിന് പിന്നാലെ തിങ്കളാഴ്ച രാത്രി സൂററ്റിലെ ലെ മെറിഡിയൻ ഹോട്ടലിൽ എത്തിയ ഇവർ ഗുജറാത്തിലെ ഭരണകക്ഷിയായ ബി. ജെ. പിയുടെ സംരക്ഷണത്തിലാണെന്ന് റിപ്പോർട്ടുണ്ട്. ഷിൻഡെക്കൊപ്പം 25 സേനാ എം. എൽ. എമാരുണ്ടെന്നാണ് റിപ്പോർട്ട്.

ലെജിസ്ലേറ്റിവ് കൗൺസിലിൽ ശിവസേനയുടെ പന്ത്രണ്ട് എം. എൽ. എമാരാണ് കൂറുമാറി വോട്ട് ചെയ്‌തത്. അതോടെ ബി. ജെ. പിയുടെ അഞ്ച് സ്ഥാനാർത്ഥികളും ജയിച്ചു. ശിവസേനയും സഖ്യകക്ഷിയായ എൻ. സി. പിയും രണ്ട് സീറ്റുകൾ വീതം നേടിയപ്പോൾ മറ്റൊരു സഖ്യകക്ഷിയായ കോൺഗ്രസിന് ഒരു സീറ്റേ കിട്ടിയുള്ളൂ.പത്ത് ദിവസം മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറിൽ മൂന്ന് സീറ്റും നേടിയ ബി. ജെ. പിക്ക് കൗൺസിലിലെ അഞ്ച് സീറ്റ് ജയം വലിയ നേട്ടമായി.

കൂറുമാറ്റത്തോടെ ഉദ്ധവ് സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്നും ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സർക്കാരിനെ രക്ഷിക്കാൻ സ്ഥാനമൊഴിയാൻ ഉദ്ധവ് സന്നദ്ധത പ്രകടിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. അതേസമയം,​ മുംബയിലെ ശിവസേനാ ആസ്ഥാനത്തിന് മുന്നിൽ ഉദ്ധവിന്റെ അനുയായികൾ വികാരഭരിതരായി തടിച്ചു കൂടി.

ഷിൻഡെയുടെ കലാപത്തിന്റെ പശ്ചാത്തലത്തിൽ താക്കറെ ഇന്നലെ സേന എം. എൽ. എ മാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഷിൻഡെയെ ശിവസേനയുടെ നിയമസഭാ നേതൃസ്ഥാനത്തു നിന്ന് മാറ്റി. അജയ് ചൗധരിയാണ് പുതിയ നേതാവ്.

അതേസമയം,​ ശിവസേനയിലെ സംഭവവികാസങ്ങൾക്ക് ബി. ജെ. പി ഉത്തരവാദിയല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി പദമോഹിയായ ഷിൻഡെയെ മുന്നിൽ നിറുത്തി ബി. ജെ. പി പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും റിപ്പോർട്ടുണ്ട്.

കോൺഗ്രസിലും കൂറുമാറ്റം

കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എം. എൽ. എ മാരും കൂറുമാറി ബി. ജെ. പിക്ക് വോട്ട് ചെയ്‌തു. ഇതു കാരണം കോൺഗ്രസ് സ്ഥാനാത്ഥിയും ദളിത് നേതാവുമായ ചന്ദ്രകാന്ത് ഹാൻഡോർ പരാജയപ്പെട്ടു.

.........................................

ബി.ജെ.പിയുടെ

മനക്കോട്ട


288:

സഭയിലെ മൊത്തം

അംഗബലം

145 :

കേവല ഭൂരിപക്ഷത്തിന്

വേണ്ട അംഗബലം

169:

ഉദ്ധവ് സർക്കാരിന്

ഉണ്ടായിരുന്ന പിന്തുണ

26:

ശിവസേനയിൽ നിന്ന്

കൂറുമാറിയെന്ന്

കരുതുന്നവർ

.....................................

143:

സർക്കാരിന്റെ

ശേഷിക്കുന്ന

അംഗബലം

139:

പുതുതായി

എൻ.ഡി.എ

അവകാശപ്പെടുന്ന

അംഗബലം

+6:

ഭൂരിപക്ഷത്തിന്

എൻ.ഡി.എയ്ക്ക്

ഇനി ആവശ്യം

......................................

കക്ഷി നില:288

(ചേരിമാറുന്നതിന് മുമ്പ്)

ഭരണ മുന്നണി.....169

ശിവസേന............56

കോൺഗ്രസ്.......44

എൻ.സി.പി..........53

മറ്റുള്ളവർ............16

....................................

പ്രതിപക്ഷം

എൻ.ഡി.എ....113

ബി.ജെ.പി.......106

പിന്തുണയ്ക്കുവർ.......7

.................................

മറ്റുള്ളവർ......5

ഒഴിവ്.............1