medical-college

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ വൃക്ക അടങ്ങിയ പെട്ടി എടുത്തവർക്കെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലുമാണ് പരാതി നൽകിയത്. മെ‌ഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഡോക്ടർമാർ വരുന്നതിന് മുമ്പ് തന്നെ പെട്ടി എടുത്ത് കൊണ്ട് പോയി, അടഞ്ഞു കിടന്ന ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ അപമര്യാദയായി പെരുമാറി, ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തിയെന്ന പരാതികളാണ് ഇവർക്കെതിരെ പൊലീസിൽ സമർപ്പിച്ചിട്ടുള്ളത്.

അതേസമയം ആശുപത്രി അധികൃതർ ഇല്ലാത്തതിനാലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവർ എടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ അനസ് പറഞ്ഞു. 'ആശുപത്രിയുടെ ഭാഗത്തുനിന്ന് പെട്ടി വാങ്ങാൻ ആരും എത്തിയിരുന്നില്ല. സുരക്ഷാ ജീവനക്കാർ പോലും അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവർ എടുത്തത്'- അനസ് പറഞ്ഞു.

തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ്‌കുമാറിനാണ് (62) വൃക്ക മാറ്റിവയ്ക്കലിനുശേഷം ജീവൻ നഷ്ടമായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. എറണാകുളത്തെ ആശുപത്രിയിൽ ശനിയാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ച രോഗിയുടെ വൃക്ക ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ മെഡിക്കൽ സംഘം പോയിരുന്നു. വീട്ടിലായിരുന്ന സുരേഷ്‌കുമാറിനെ നിർദേശം ലഭിച്ച പ്രകാരം ഞായറാഴ്ച പുലർച്ചെ നാലു മണിക്കു മുമ്പുതന്നെ മെഡിക്കൽ കാേളേജിൽ എത്തിച്ചു.

വൃക്കയുമായി ആംബുലൻസ് വൈകിട്ട് 5.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ രാത്രി 9.30നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഇന്നലെ രാവിലെ 11.40നാണ് ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട.അദ്ധ്യാപകനായ സുരേഷ് കുമാർ മരിച്ചത്. ഇതിനുപിന്നാലെ മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.