israel

ടെൽ അവീവ് : ഇസ്രയേലിൽ പാർലമെന്റ് പിരിച്ചുവിടുന്നു. എട്ടു പാർട്ടികളടങ്ങുന്ന ഭരണ മുന്നണി സഖ്യം പിരിച്ചുവിടാൻ പ്രധാനമന്ത്രി നഫ്താലി ബെന്ന​റ്റും വിദേശകാര്യ മന്ത്രി യെയ്‌ർ ലാപിഡും ധാരണയായതോടെയാണ് ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സഖ്യത്തിലെ ഐക്യം തകർന്ന പശ്ചാത്തലത്തിലാണ് നീക്കം. പാർലമെന്റ് പിരിച്ചുവിടാനുള്ള ബിൽ അടുത്ത ആഴ്ചയോടെ അവതരിപ്പിക്കും. ബിൽ പാസായാൽ യെയ്‌ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയാകും. പിന്നാലെ ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടക്കും. മൂന്ന് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് യമിന പാർട്ടി നേതാവായ നാഫ്തലി ബെന്ന​റ്റ് അധികാരമേ​റ്റത്.

120 അംഗ പാർലമെന്റിൽ ഭരണസഖ്യത്തിന് 61 സീ​റ്റുകളാണുണ്ടായിരുന്നത്. ഏപ്രിലിൽ ബെന്നറ്റിന്റെ പാർട്ടിയിലെ ഒരംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായി. അതേസമയം, തിരിച്ചുവരവിനുള്ള പിടിവള്ളിയായി തിരഞ്ഞെടുപ്പിനെ നെതന്യാഹു പ്രയോജനപ്പെടുത്തിയേക്കും.