
തങ്ങളുടെ ലൈംഗിക ജീവിതം സംബന്ധിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും പുറത്തറിയുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും കടന്നുകയറ്റം നടത്തുമ്പോൾ, സ്വന്തം വിവരങ്ങൾ സ്വന്തമായി തന്നെ സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ സംഗതിയാണ്. പ്രത്യേകിച്ചും ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മറ്റും ഉപഭോക്താക്കളുടെ രഹസ്യങ്ങൾ പണം വാങ്ങി വിറ്റഴിക്കുന്ന ഈ കാലത്ത്.
ഇതേ ചുവട് പിടിച്ച് രണ്ട് ആപ്പുകൾ ഉപഭോക്താവിന്റെ ഏറ്റവും സ്വകാര്യമായ വിവരങ്ങൾ പോലും പുറത്ത് വിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ത്രീകളുടെ ആർത്തവ ചക്രത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന രണ്ട് ആപ്പുകളാണ് ഉപഭോക്താവിന്റെ ലൈംഗിക രഹസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾക്ക് വിറ്റതായി കണ്ടെത്തിയത്. മായാ, എം.ഐ.എ ഫെം എന്നീ ആപ്പുകളാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയത്.
ഇതുപയോഗിക്കുന്ന സ്ത്രീകൾ എപ്പോഴാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്, ഏതുതരം ഗർഭനിരോധന മാർഗമാണ് ഉപയോഗിച്ചത്, ആ സമയത്ത് അവർ ഗർഭിണിയാകാൻ സാദ്ധ്യതയുണ്ടായിരുന്നോ(അണ്ഡോത്പാദനം നടന്നിരുന്നോ) എന്നെല്ലാമുള്ള വിവരങ്ങൾ ഈ ആപ്പുകൾക്ക് അറിയാൻ സാധിക്കും. ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കാര്യം പുറത്ത് കൊണ്ടുവന്നത് ബ്രിട്ടീഷ് സ്വകാര്യതാ വാച്ച്ഡോഗായ 'പ്രൈവസി ഇന്റർനാഷണൽ' ആണ്. ഉപഭോക്താക്കൾ തന്നെ ഈ ആപ്പുകളിൽ സൂക്ഷിക്കുന്ന വിവരങ്ങളാണ് അവ ചോർത്തുന്നത്.