sandeep-kusum-swati

റാഞ്ചി: രണ്ട് പെൺകുട്ടികളെ ഒരേ വേദിയിൽ വച്ച് വിവാഹം ചെയ്ത് യുവാവ്. ജാർഹണ്ഡിലെ ലോഹർദാഗ എന്ന ഗ്രാമത്തിലാണ് സംഭവം. മൂന്ന് പേരുടെയും പരസ്പര സമ്മതത്തോടെയായിരുന്നു ഈ വിവാഹമെന്നതാണ് അതിലേറെ കൗതുകകരം. സന്ദീപ് ഒറോൺ എന്ന യുവാവാണ് കുസും ലക്ര, സ്വാതി കുമാരി എന്നീ രണ്ട് യുവതികളെ ഒരേ വേദിയിൽ വച്ച് വിവാഹം ചെയ്തത്. തനിക്ക് രണ്ട് പേരെയും ഇഷ്ടമാണെന്നും രണ്ട് പേരുടെയും ഒപ്പം കഴിയാനാണ് താത്പര്യമെന്നും സന്ദീപ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സന്ദീപും കുസുമും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. എന്നാൽ വിവാഹിതരായിരുന്നില്ല. ഒരു വർഷം മുമ്പ് സന്ദീപ് ബംഗാളിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയപ്പോൾ അവിടെവച്ച് പരിചയപ്പെട്ട സ്വാതി കുമാരിയുമായി അടുപ്പത്തിലായി. ഈ ബന്ധം നാട്ടിൽ കുസുമുവും വീട്ടുകാരും അറിഞ്ഞതോടെ പ്രശ്നമായി.

ഒടുവിൽ ഗ്രാമവാസികൾ ഒരു പഞ്ചായത്ത് വിളിക്കുകയും അതിൽ വച്ച് രണ്ട് യുവതികളെയും വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് സന്ദീപ് വ്യക്തമാക്കുകയുമായിരുന്നു. ഗ്രാമവാസികൾക്കും പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ഇക്കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. തുടർന്നാണ് ഈ അപൂർവ വിവാഹം നടക്കുന്നത്.