imran

ഇസ്ളാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് നേരെ ഏത്‌നിമിഷവും വധശ്രമമുണ്ടാകാമെന്ന് മുന്നറിയിപ്പ്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഖൈബർ പഖ്‌തൂൺഖ്വ വിംഗാണ് ഈ മുന്നറിയിപ്പ് നൽകിയത്. അഫ്‌ഗാനിലെ ഒരു ഭീകരനിൽ നിന്നും തീവ്രവാദികൾ സഹായം തേടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിക്കുകയായിരുന്നു. എന്നാൽ ഈ കൊലയാളി മറ്റ് ചിലർക്ക് ഇതിന്റെ ചുമതല കൈമാറിയെന്നും വിവരമുണ്ട്.

ജൂൺ 18ന് വിവരം തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിച്ചെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ അറിയിക്കാതെ രഹസ്യമാക്കി വയ്‌ക്കാൻ ഉത്തരവ് കിട്ടി. ഇമ്രാനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുൻപ് പിടിഐ നേതാക്കളും ആരോപിച്ചിരുന്നു. കൊച്ചി എന്ന അഫ്‌ഗാൻ കൊലയാളിയോടാണ് ഇതുസംബന്ധിച്ച് തീവ്രവാദികൾ സഹായം ചോദിച്ചത്. ഇസ്ളാമാബാദിലോ റാവൽപിണ്ടിയിലോ കൊലയാളി വീട് സ്വന്തമാക്കി താമസം തുടങ്ങിയതായാണ് പാർട്ടിയിൽ ചിലർ നേരത്തെ അറിയിച്ചത്.

പാകിസ്ഥാനിലോ വിദേശത്തോ വച്ച് തന്നെ വധിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുൻപ് ഇമ്രാന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഗൂഢാലോചനയ്‌ക്ക് പിന്നിലുള‌ളവർ ആരെന്ന് പേരെടുത്ത് പറഞ്ഞായിരുന്നു ഇമ്രാന്റെ പ്രസംഗം. സിയാൽകോട്ടിൽ നടന്ന ഒരു റാലിയിലും ഇമ്രാൻ ഇക്കാര്യം ആവർത്തിച്ചു.