കൊച്ചി: ആക്രിക്കച്ചവടത്തിന്റെ മറവിൽ 125 കോടിയുടെ വ്യാജബിൽ നിർമ്മിച്ച് 13 കോടിയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയ കേസിൽ പെരുമ്പാവൂർ പുലവത്തുവീട്ടിൽ അസർ അലി (26), പെരുമ്പാവൂർ മാടവന വീട്ടിൽ റിൻഷാദ് (28) എന്നിവർ ഒളിവിൽ. ഇവരുടെ വീടുകൾ റെയ്ഡു ചെയ്ത് പിടിച്ചെടുത്ത രേഖകളിലും ഫോണുകളിലും തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ജി.എസ്.ടി വൃത്തങ്ങൾ പറഞ്ഞു.

തിങ്കളാഴ്ചയാണ് പെരുമ്പാവൂരിലെ 12 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി രേഖകളും നാല് മൊബൈൽഫോണുകളും പിടികൂടിയത്. നികുതിവകുപ്പും പൊലീസും ആംഡ് ബറ്റാലിയനും ചേർന്ന് അന്ന് പുലർച്ചെ നാലിനാണ് പരിശോധന നടത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ജി.എസ്.ടി അധികൃതർ പറഞ്ഞിരുന്നു.

വൻകച്ചവടമുള്ള സ്ഥാപനങ്ങളിലെ നികുതിവരവ് കുറഞ്ഞതും ചില ജി.എസ്.ടി അക്കൗണ്ടുകളിൽ യുക്തിപരമല്ലാത്ത നികുതിറിട്ടേൺ കണ്ടെത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്വേഷണം. ക്രമക്കേട് വിശദീകരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും സ്ഥാപനങ്ങൾ സഹകരിച്ചിരുന്നില്ല. തുടർന്നായിരുന്നു റെയ്ഡ്.