russiarussia

മോസ്കോ : യുക്രെയിൻ അധിനിവേശത്തിന്റെ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനായി തനിക്ക് ലഭിച്ച സമാധാന നോബൽ സമ്മാന സ്വർണ മെഡൽ ലേലം ചെയ്ത് റഷ്യൻ മാദ്ധ്യമ പ്രവർത്തകൻ ഡിമിട്രി മുറ​റ്റോവ്. 103.5 ദശലക്ഷം ഡോളറിനാണ് ( 8,08,44,36,750 രൂപ ) മെഡൽ വിറ്റത്.

ഇത്രയും വലിയ തുകയ്ക്ക് നോബൽ മെഡൽ സ്വന്തമാക്കിയത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല. തുക യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയ കുട്ടികൾക്ക് വേണ്ടിയുള്ള യൂണിസെഫിന്റെ പ്രവർത്തനങ്ങൾക്ക് കൈമാറുമെന്ന് ലേലത്തിന് നേതൃത്വം നൽകിയ യു.എസ് ആസ്ഥാനമായുള്ള ഹെറിറ്റേജ് ഓക്‌ഷൻസ് അറിയിച്ചു. പോളണ്ട്, റൊമേനിയ, ഹംഗറി, മോൾഡോവ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്ക് യുക്രെയിനിൽ നിന്ന് ഏകദേശം 66 ലക്ഷത്തോളം അഭയാർത്ഥികളെത്തിയെന്നാണ് യു.എന്നിന്റെ കണക്ക്.

റഷ്യയിലെ നൊവായ ഗസ്​റ്റ എന്ന സ്വതന്ത്ര പത്റത്തിന്റെ എഡി​റ്റർ ഇൻ ചീഫായ മുററ്റോവിന് 2021ലാണ് സമാധാനത്തിനുള്ള നോബൽ ലഭിച്ചത്. യുക്രെയിനെതിരായ ആക്രമണങ്ങളെ വിമർശിക്കുന്നവർക്കെതിരെ ജയിൽ ശിക്ഷയുൾപ്പടെയുള്ള നടപടി സ്വീകരിക്കാനുള്ള നിയമം റഷ്യയിൽ നിലവിൽ വന്നതോടെ നൊവായ ഗസറ്റയുടെ പ്രവർത്തനം നിറുത്തിവച്ചിരുന്നു.

അധിനിവേശത്തിനെതിരെ ശബ്ദമുയർത്തിയ മുററ്റോവിന് നേരെ കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിൽ വച്ച് പെയിന്റ് ആക്രമണമുണ്ടായിരുന്നു.