sanju-samson

മുംബയ്: മലയാളി താരം സഞ്ജു സാംസന്റെ സഞ്ജുവിന്റെ കഴിവിൽ തനിക്ക് സംശയമില്ലെന്നും ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയാൽ സഞ്ജുവിന് ഇന്ത്യൻ ട്വന്റി -20 ടീമിലെ സ്ഥിരസാന്നിധ്യമാകാൻ സാധിക്കുമെന്നും വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്‌ക്കർ. നേരത്തേ സഞ്ജുവിനെ കഠിനമായി വിമർശിച്ചിരുന്ന ഗാവസ്കർ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നയം മയപ്പെടുത്തിയത്.
ഐ.പി.എല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയ സഞ്ജുവിനെ പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി- 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല. എന്നാൽ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള 17 അംഗ ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാൽ ഈ പ്രകടനം ഇന്ത്യയ്ക്കായി കളിക്കുമ്പോൾ പുറത്തെടുക്കാൻ പലപ്പോഴും സഞ്ജുവിന് സാധിക്കുന്നില്ലർ. മത്സരത്തിന്റെ ഗതി മാറ്റാനുള്ള സഞ്ജുവിന്റെ കഴിവിനെ ആരും ചോദ്യം ചെയ്യില്ലെന്നും അഭിമുഖത്തിൽ ഗാവസ്‌ക്കർ പറഞ്ഞു.

എല്ലാവരും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും പക്ഷേ ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗവാസ്കർ പറഞ്ഞു. സഞ്ജുവിന്റെ കഴിവ് എല്ലാവർക്കും അറിയാമെന്നും ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ഷോട്ട് സെലക്ഷനിൽ വരുത്തുന്ന പിഴവുകളാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്നതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.

ആദ്യ പന്തുതൊട്ട് ആക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിക്കുന്നതെന്നും ട്വന്റി 20-യിൽ പോലും നിലയുറപ്പിച്ച് കളിക്കാനുള്ള അവസരമുണ്ടെന്നും ഗവാസ്കർ വ്യക്തമാക്കി. ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് വേണ്ടിയായാലും ഫ്രാഞ്ചൈസിക്ക് വേണ്ടിയായാലും സഞ്ജുവിന് കൂടുതല്‍ സ്ഥിരതയോടെ കളിക്കാനാകുമെന്നും അങ്ങനെ വന്നാൽ ആരും ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യില്ലെന്നും ഗവാസ്കർ പറഞ്ഞു.