
ന്യൂഡൽഹി: വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ നിരവധി പ്രമുഖരടങ്ങിയ 20 പേരുടെ ലിസ്റ്റിൽ നിന്നാണ് ഒഡിഷയിൽ നിന്നുള്ള ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നത്. ബിജെപിയുടെ നീക്കം തീർത്തും അപ്രതീക്ഷിതമായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ഒരു വൻ രാഷ്ട്രീയ ലക്ഷ്യം കൂടി ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ നിഗമനം. ആദിവാസി നേതാവ് എന്ന് നിലയിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം ഇപ്പോൾ തന്നെ പലകോണിൽ നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തകർക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതി സ്ഥാനാർത്ഥി മാത്രമല്ല, ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനാർത്ഥി കൂടിയാണ് 64കാരിയായ ദ്രൗപതി. അതിനാൽ തന്നെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളിൽ ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം ആശയകുഴപ്പം സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാത്തിലാണ് ബി ജെ പി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേക്ക് ബിജെപി നേതൃത്വം എത്തിയത്. ബിജെപിയിലൂടെ തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ദ്രൗപതി മുർമു, 2015ൽ ജാർഖണ്ഡിന്റെ ഗവർണറാകുന്നതോടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണർ കൂടിയായിരുന്നു ദ്രൗപതി മുർമു. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് റെയ്റാംഗ്പൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുന്നത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായ ദ്രൗപതി ഒരു തവണ മന്ത്രിയും ആയി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.